വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി അതേ പേരിൽ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇതേ കഥയെ ആസ്പദമാക്കി എ വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. ഭാർഗവിയായി എത്തുന്ന റിമ കല്ലിങ്കലിന്റെ പിറന്നാൾ ദിനത്തിൽ ആണ് ഗാനം പുറത്തിറക്കിയത്.
ഭാർഗ്ഗവീനിലയം മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമായിരുന്നു. ബഷീർ തന്നെയാണ് തിരക്കഥ ഒരുക്കിയത്. 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. എം എസ് ബാബുരാജ് – പി ഭാസ്കരൻ കൂട്ടുകെട്ടിൽ എസ് ജാനകി ആലപിച്ച ഗാനത്തിന്, റെക്സ് വിജയനും ബിജിബാലും ചേർന്ന് പുതിയ പതിപ്പ് ഒരുക്കി. ആലാപനം കെ എസ് ചിത്രയാണ്. സിനിമ മേഖലയിലെ പ്രമുഖ വ്യക്തികൾ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. നൃത്തഗാനമായി ചിത്രീകരിച്ചിരിക്കുന്ന പുനരാവിഷ്കാരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തലമുറയിലുള്ളവർക്കും ആസ്വദിക്കാനാകുന്ന രീതിയിലാണ് പാട്ട് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.
ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.
ഒപിഎം സിനിമാസാണ് നീലവെളിച്ചത്തിന്റെ നിർമ്മാണം. മികച്ച ടെക്നിക്കൽ ടീമാണ് നീലവെളിച്ചത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വി സാജനാണ് ചിത്രസംയോജനം. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്സ് സേവിയർ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ, സ്റ്റണ്ട് സുപ്രീം സുന്ദർ.
Story Highlights: Neelavelicham video song on Rima Kallingals birthday