പട്ന: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരമെത്തിയത്. ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശും രണ്ടാം സ്ഥാനത്ത് പാകിസ്ഥാനുമാണ് പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടത്.
വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രതമായ പിഎം 2.5നെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. 134 രാജ്യങ്ങളിൽ നിന്നായി 7812 നഗരങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. മുപ്പതിനായിരത്തിലധികം വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സർക്കാർ സംവിധാനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും എൻജിഒകളിൽ നിന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.






























