മെൽബൺ: വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടലിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവർക്കു വേണ്ടിയും പ്രാർഥിക്കുവാനും സഹായിക്കാനും അഭ്യർഥിച്ചുകൊണ്ട് മെൽബൺ സീറോമലബാർ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ.
ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് പിതാവ് സർക്കുലറിലൂടെ അറിയിച്ചു.
ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ഉൾപ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകളുമായി കൈകോർത്താണ് പുനരധിവാസപ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വിനിയോഗിക്കുന്നത്.സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായവരെ സഹായിക്കാൻ ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാർ ജോൺ പനംതോട്ടത്തിൽ അഭ്യർഥിച്ചു.































