സിഡ്നി : ഓസ്ട്രേലിയയിൽ ആഡംബര ഹോട്ടലിൻ്റെ മേൽക്കൂരയിൽ ഹെലികോപ്റ്റടർ ഇടിച്ച് പൈലറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ഹോട്ടലിൻ്റെ മുകൾ ഭാഗം അഗ്നിഗോളമായതിനെ തുടർന്ന് നൂറിലേറെപ്പേരെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ് ലൻഡിലെ പ്രശസ്‌ത വിന്നോദസഞ്ചാര നഗരമായ കെയ്ൻസിൽ പ്രാദേശിക സമയം തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.
ഹിൽട്ടൺ ഗ്രൂപ്പിൻറെ കെയ്ൻസ് നഗരത്തിലെ പ്രശസ്‌ത ഹോട്ടലായ ഡബിൾ ട്രീ ഹോട്ടലിന് മുകളിലാണ് ഹെലികോപ്റ്റടർ ഇടിച്ച് അപകടം ഉണ്ടായത്.
ഹെലികോപ്പർ ഇടിച്ചതിനെ തുർന്ന് ഹോട്ടലിന് മുകളിൽ വൻ അഗ്നിബാധയാണ് ഉണ്ടായത് തീ പടർന്നതിന് പിന്നാലെ ഉടൻ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായി ക്വീൻസ് ലൻഡ് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നുമാണ് റിപ്പോർട്ടുകൾ, 80 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അപകത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഹെലികോപ്ടറിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് അനുമതിയില്ലാതെയാണ് ഹെലികോപ്‌ടർ പറത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയൻ പൊലീസും വ്യോമയാന മന്ത്രാലയവും അറിയിച്ചു.
ബോംബ് പൊട്ടിത്തെറിച്ചതു പോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഹോട്ടലിലെ താമസക്കാർ പറഞ്ഞത്. ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ വളരെ താഴ്ന്നു പറന്ന ശേഷമാണ് ഹെലികോപ്ടർ ഹോട്ടൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിലൊരാൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഒന്നിലധികം തവണ വേഗത്തിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് ഇടച്ചതെന്നാണ് ഹോട്ടലിൽ തങ്ങിയ മറ്റൊരാൾ പ്രതികരിച്ചത്. രണ്ട് തവണ ഹോട്ടലിനെ മറികടന്ന് പോയ ശേഷമാണ് ഹെലികോപ്ടർ കെട്ടിടവുമായി കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററിൻ്റെ പ്രൊപ്പല്ലറുകളിൽ ഒന്ന് തെരുവിലും മറ്റൊന്ന് ഹോട്ടലിലെ നീന്തൽ കുളത്തിലും പതിച്ചു.
ഗ്രേറ്റ് ബാരിയർ റീഫിന് സമീപമായതിനാൽ വളരെ അധികം സഞ്ചാരികളാണ് കെയ്ൻസിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ബ്രസീൽ നഗരത്തെ നടുക്കിയ വിമാന അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്.































