പെർത്ത്: പെർത്ത് സെൻ്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്കിടെ മുസ്ലിം യുവാവ് അൾത്താരയ്ക്കു മുന്നിലെത്തി ഗാസയ്ക്ക് അനുകൂലമായി മുദ്രവാക്യം ഉയർത്തിയത് ഏറെ നേരം ആശങ്ക സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്കിടെയാണ് ദേവാലയത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവമുണ്ടായത്. പുതുവർഷ ദിനമായതിനാൽ മലയാളികൾ അടക്കം നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മുപ്പതു വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ദേവാലയത്തിൽ അതിക്രമിച്ചു കയറിയത്. അൾത്താരയ്ക്ക് മുന്നിലെത്തി കൈകൾ ഉയർത്തി ‘സേവ് മൈ പീപ്പിൾ’ എന്ന് ഗാസയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം അൾത്താരയ്ക്കു മുന്നിൽ യുവാവ് നിലയുറപ്പിച്ചു. ഭീരകാക്രമണ സാധ്യത മുന്നിൽ കണ്ട വിശ്വാസികൾ പരിഭ്രാന്തരായെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. സുരക്ഷാ ജീവനക്കാരൻ എത്തിയാണ് ഇതര മതസ്ഥനായ യുവാവിനെ ബലമായി അവിടെ നിന്നും നീക്കിയത്.
പുതുവർഷത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സംഭവം വിശ്വാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. യുവാവിൻ്റെ പേരോ മറ്റു വിവരങ്ങളോ പള്ളി അധികൃതർ പുറത്തുവിട്ടിട്ടില്ല. വിശ്വാസികളാണ് വിവരം പങ്കുവച്ചത്. പെർത്ത് അതിരൂപതയുടെ കത്തീഡ്രലാണിത്.































