ന്യൂയോര്‍ക്ക്: 12000 ജീവനക്കാരെ പിരിച്ചുവിടുമെന്നറിയിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കമ്പനിയില്‍ ജോലിചെയ്ത് വരുന്ന ജീവനക്കാരില്‍ ആറ് ശതമാനം പേരെ പിരിച്ച് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെയാണിപ്പോള്‍ ഗൂഗിളും കൂട്ട പിരിച്ചുവിടലിലേക്ക് കടന്നിരിക്കുന്നത്.
പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച ഈമെയിലുകള്‍ ലഭിച്ച് തുടങ്ങി. ‘പുതിയ സാമ്പത്തിക സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’, സുന്ദര്‍ പിച്ചൈ അറിയിച്ചു. അതേസമയം പ്രാദേശിക തൊഴില്‍ നിയമങ്ങള്‍ കാരണം മറ്റ് രാജ്യങ്ങളില്‍ ഈ നടപടി നടപ്പാക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നും മെമ്മോയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍ ഉണ്ടാകുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി അറിയിച്ചിരുന്നു. 20 ശതമാനം ജീവനക്കാരെയാണ് ഷെയര്‍ചാറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തത് വളരെ ആലോചനകള്‍ക്ക് ശേഷമാണെന്നും കഴിഞ്ഞ ആറ് മാസമായി ചെലവുകള്‍ വെട്ടികുറയ്ക്കുകയാണെന്നും ഷെയര്‍ചാറ്റ് അറിയിച്ചിരുന്നു.
STORY HIGHLIGHTS: Alphabet has announced that it will lay off 12,000 employees