കുവൈറ്റ്: കുവൈറ്റിൽ സാമൂഹ്യ -സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ദമ്പതികളുടെ മരണം കുവൈറ്റിലെ മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിക്കുന്നതായി മാറി.ഇരുവരുടെയും മരണം കുത്തേറ്റാണെന്നാണ് റിപ്പോർട്ട്.ഇരുവരും വഴക്കിട്ട് പരസ്പരം കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം പുറത്തുവന്നതെങ്കിലും ഒരാളെ കുത്തി കൊലപ്പെടുത്തി മറ്റെയാൾ സ്വയം കുത്തി മരിക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.ഇതിന്റെ കൂടുതൽ കാര്യങ്ങൾ വിശദമായ പോലീസ് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അബ്ബാസിയയിലെ വസതിയിൽ ആയിരുന്നു സംഭവം.
ജാഫർ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ കണ്ണൂർ മണ്ഡളം സെന്റ് ജൂഡ് പള്ളി ഇടവകാംഗമായ കുഴിയത്ത് ജോണിൻ്റെ മകൻ സൂരജ് ജോൺ (40) ഭാര്യ കീഴില്ലം സ്വദേശിനിയും ഡിഫൻസ് ആശുപത്രി സ്റ്റാഫ് നഴ്സുമായ ബിൻസി തോമസുമാണ് (38) മരിച്ചത്. ഇവ്ലിൻ, എയ്ഡൺ എന്നിവരാണ് മക്കൾ.
അടുത്ത മാസം കുവൈറ്റിൽനിന്നും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് മക്കളെ നാട്ടിൽ കൊണ്ടാക്കി മടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ഇരുവരും തമ്മിലുണ്ടായ തർക്കവും വഴക്കുമാണ് ദാരുണ സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
അബ്ബാസിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷനിലും നഴ്‌ിംങ്ങ് അസോസിയേഷനിലുമെല്ലാം വളരെ സജീവമായിരുന്ന ദമ്പതികൾ ആയിരുന്നു സൂരജും ബിൻസിയും.
ഇവരുടെ ഭാഗത്തുനിന്നും ഇത്തരം ഒരു പ്രവർത്തി സുഹൃത്തുക്കൾ ആരും പ്രതീക്ഷിച്ചിട്ടുമില്ല. അതിനാൽ തന്നെ പുറത്തുവന്ന സംഭവങ്ങളിൽ മലയാളി സമൂഹം ആകമാനം ഞെട്ടലിലാണ്. ഒരു മാസം മുമ്പ് കുവൈറ്റിൽ നടന്ന കൾച്ചറൽ പരിപാടിയിലും സൂരജ് ബിൻസിയും സജീവമായി രംഗത്തുണ്ടായിരുന്നു.
വർഷങ്ങളായി പരിശ്രമിച്ച് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിന് നടപടിക്രമങ്ങൾ പൂർത്തിയായ സന്തോഷത്തിലായിരുന്നു ദമ്പതികൾ. അതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു മക്കളെ നാട്ടിലാക്കി തിരിച്ചെത്തിയത്.ഇതിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപന സംഭവങ്ങൾ ആയിരിക്കാം ദാരുണമായ സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.