ഗാസ: ഗാസയില്‍ വീണ്ടും കരയാക്രമണം ആരംഭിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത് ഉപരോധം ലഘൂകരിക്കുമെന്നും പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കുമെന്നുമാണ്. ആക്രമണത്തിലും പട്ടിണിയും ക്ഷാമവും മൂലവും ആളുകള്‍ മരിച്ചുവീഴുന്ന അവസ്ഥ ഗസയില്‍ തുടരുകയാണ്. വെടി നിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ സൈന്യം കരയാക്രമണം ശക്തിമായി തന്നെ തുടരുന്നു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 100 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആശുപത്രികൾക്ക് നേരെയായിരുന്നു ഇസ്രയേല്‍ പ്രധാനമായും ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ചർച്ചകൾക്ക് ശ്രമം നടക്കുമ്പോഴായിരുന്നു ആക്രമണം. ഗാസ അതിർത്തിയിൽ അൽ മവാസിയിലായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് സുചനകൾ. ആശുപത്രികൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.
വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളും പ്രവർത്തനരഹിതമായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് നേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിയുതിർത്ത ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അഞ്ച് മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് ഇസ്രായേലി പ്രതിരോധമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇസ്രായേലി ആക്രമണങ്ങളിൽ 464 പേർ കൊല്ലപ്പെട്ടിരുന്നു ആക്രമണത്തെ തുടർന്ന് ജബലിയ അഭയാർത്ഥി ക്യാമ്പിൽ നിന്നും ബെയ്ത് ലാഹിയ പട്ടണത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറ് കണക്കിന് പേർ പലായനം ചെയ്തു. അമേരിക്കയുടെ നേതൃത്വത്തിൽ സമാധാനചർച്ചകൾ പല തലത്തിലും പുരോഗമിക്കുമ്പോഴാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.