ലോസ് ഏഞ്ചൽസ്: ഇറാഖിലും സിറിയയിലുംവിന്യസിച്ചതിനേക്കാൾ കൂടുതൽ യുഎസ് സൈനികരെ ട്രംപ് ഭരണകൂടം കടുത്ത കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ലോസ് ഏഞ്ചൽസ് (LA) നഗരത്തിൽ വിന്യസിച്ചെന്ന് റിപ്പോർട്ട്. പ്രതിഷേധങ്ങളെ നേരിടാൻ ട്രംപ് ഏകദേശം 4,000 നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെയും 700-ലധികം സജീവ മറൈൻമാരെയും ലോസ് ഏഞ്ചൽസിൽ വിന്യസിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇറാഖിൽ 2,500 ഉം സിറിയയിൽ 1,500 ഉം സൈനികരെയാണ് വിന്യസിച്ചത്.
എന്നാൽ ലോസ് ഏഞ്ചൽസിൽ 4,800 ഗാർഡ്, മറൈൻ ഉദ്യോഗസ്ഥരെ നിയമിച്ചെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പെന്റഗൺ പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചൽസിലെ സൈനിക വിന്യസത്തിന് 60 ദിവസത്തേക്ക് 134 മില്യൺ ഡോളർ ചെലവിടേണ്ടി വരും. ജൂൺ 6 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് ലോസ് ഏഞ്ചൽസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധം പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. 3.9 ദശലക്ഷം ആളുകൾ താമസിക്കുന്ന ലോസ് ഏഞ്ചൽസിൽ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമുമായി കൂടിയാലോചിക്കാതെയാണ് സൈന്യത്തെ വിന്യസിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ഏറ്റുമുട്ടൽ രൂക്ഷമാക്കാൻ ശ്രമിക്കുകയാണെന്ന് ഡെമോക്രാറ്റായ ഗവർണർ ന്യൂസോം ആരോപിച്ചു. നമ്മുടെ കൺമുന്നിൽ തന്നെ ജനാധിപത്യം ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.