മെൽബൺ : ഓസ്ട്രേലിയയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ നടുക്കുന്ന ഏടാണ് ഇന്ത്യക്കാരനായ മൗലിൻ റാത്തോഡിന്റെ വധം. തമ്മിൽക്കണ്ട ആദ്യ ദിനം തന്നെ മൗലിനെ കൊല്ലാൻ ജാമിയെ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് ജൂറി കണ്ടെത്തിയ ഉത്തരം കേട്ടവരിൽ നടുക്കത്തിൽ ആഴം വർധിപ്പിച്ചു. ജൂലൈ 23ന് മൗലിൻ റാത്തോഡിന്റെ കൊലപാതകം നടന്നിട്ട് ഏഴ് വർഷം പിന്നിടുകയാണ്. നിയമത്തിന്റെ മുന്നിൽ എത്തിയിട്ടും കൃത്യം നടത്തിയത് ജാമിയാണെന്ന് കണ്ടെത്തിയിട്ടും ശിക്ഷയുടെ കാഠിന്യം കുറഞ്ഞതും ഈ കേസിലെ അപൂർവതയുടെ അടയാളമാണ്.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ മൗലിൻ റാത്തോഡിനെ (25) അന്ന് 18 വയസ്സുകാരിയായ ജാമി ലീ ഡൊൽഹെഗ്യൂ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സൺബറിയിലെ ജാമിയുടെ വീട്ടിലെത്തിയ മൗലിനുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് കഴുത്ത് ഞെരിച്ച് കളിക്കാമെന്ന നിർദേശമാണ് ജാമി മൗലിന് മുന്നിൽ വച്ചത്. ഇതിനെ തമാശയായിക്കണ്ട് മൗലിൻ നിരസിച്ചു. പക്ഷേ ക്രൂരമായ കൊലപാതകത്തിന് ഒരുങ്ങിയിരുന്ന ജാമി പിന്മാറാൻ തയാറായിരുന്നില്ല. കട്ടിലിന് പിന്നിൽ നിന്ന് സെക്സ് ടോയിയുടെ ചരട് ഉപയോഗിച്ച് ജാമി മൗലിന്റെ കഴുഞ്ഞ് ഞെരിച്ചു. ജീവന് വേണ്ടി പിടഞ്ഞ മൗലിനെ കൊലപ്പെടുത്താൻ താൻ ശ്രമിച്ചുവെന്ന് ജാമി തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.
പൊലീസ് എത്തുമ്പോൾ തന്നെ മൗലിൻ ഗുരുതരവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മൗലിൻ മരണത്തിന് കീഴടങ്ങി. ജാമി മൗലിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത് കൊലപാതകം, കൃത്യം നടത്തി രക്ഷപ്പെടാനുള്ള വഴികൾ തുടങ്ങിയവ ഓൺലൈനിൽ തിരഞ്ഞ് ശേഷമാണെന്ന് കേസ് അന്വേഷണത്തിൽ കണ്ടെത്തിയത് നിർണായകമായി.വിചാരണയിൽ കൃത്യം നടത്തിയത് ജാമിയാണെന്ന കാര്യത്തിൽ ജൂറിക്ക് സംശയമില്ലായിരുന്നു. പക്ഷേ കേസിൽ നിർണായകമായത് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ജാമിക്ക് മൗലിനെ മന:പൂർവമായി കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നോ എന്ന ചോദ്യമായിരുന്നു. ഈ ചോദ്യം ജൂറിയെ അലട്ടി.
താനൊരു ചെന്നായ ആണെന്ന് വിശ്വസിച്ച് ആക്രമണം നടത്തിയ ചരിത്രമുള്ള ജാമി മുൻപ് പല തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാനസിക പ്രശ്നത്തിന് മരുന്ന് കഴിച്ചിരുന്ന ജാമിയുടെ മരുന്നുകൾ തീർന്നിരിക്കുന്ന സമയത്താണ് കൃത്യം നടന്നതെന്നും വിചാരണയിൽ കണ്ടെത്തി. മാനസികാവസ്ഥ മോശമായ സാഹചര്യത്തിലായിരുന്നു സംഭവം. അതിനാൽ കൃത്യം നടത്തിയത് മന:പൂർവമല്ലെന്ന നിഗമനത്തിലാണ് ജൂറി എത്തിചേർന്നത്. അതിനാൽ ഏഴ് വർഷത്തേക്കുള്ള കുറഞ്ഞ ശിക്ഷയാണ് ജാമിക്ക് കോടതി വിധിച്ചത്.
ഏക മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമോയെന്ന സുപ്രീം കോടതി ജഡ്ജി പീറ്റർ ആൽമണ്ട് ജാമിയോട് വിചാരണ വേളയിൽ ചോദിച്ചിരുന്നു. പ്രാണവേദനയോടെ മൗലിൻ നിങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ ശ്രമം നിങ്ങൾ പരാജയപ്പെടുത്തി. അന്നേരം മൗലിൻ കടന്നുപോയ വേദനയുടെ ആഴം ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ജഡ്ജി പീറ്റർ ആൽമണ്ട് കൂട്ടിചേർത്തു.
സ്വന്തം ‘കൊലപാതക പ്രേരണ’ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ജാമി കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചത്. ഒരു കൊലപാതകിയാകാൻ ആഗ്രഹമില്ലെന്ന പറഞ്ഞ ജാമി പക്ഷേ മൗലിനെ കൊന്നത് നന്നായിയെന്ന് തോന്നുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതുംതാളം തെറ്റിയ മനസ്സിന്റെ സ്വഭാവമായിട്ടാണ് വിലയിരുത്തപ്പെട്ടത്.മുൻപും ജാമി കൊലപാതക ശ്രമങ്ങൾ നടത്തിയിരുന്നു. 2015ൽ ഒരു പരിചാരകയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ജാമി ശ്രമിച്ചതും വിചാരണ വേളയിൽ കണ്ടെത്തി.































