മെൽബൺ: ഡാർലിങ് ഡൗൺസ് മൃഗശാലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 50 വയസ്സുകാരിയായ ഓസ്‌ട്രേലിയൻ വനിതയ്ക്ക് ഒരു കൈ നഷ്ടപ്പെട്ടു. സ്കൂൾ അധ്യാപികയായ ജോവാൻ കാബനെയാണ് സിംഹം ആക്രമിച്ചത്. മൃഗശാലയുടെ ഉടമ സ്റ്റീവ് റോബിൻസണിന്റെ ഭാര്യാസഹോദരിയാണ് ജോവാൻ കാബൻ.
ഇവർ മൃഗശാലയിലെ ജീവനക്കാരെ നിരീക്ഷിക്കുന്നതിനിടെയാണ് സിംഹം ആക്രമിച്ചത്. പരുക്കേറ്റ ജോവാനെ ഹെലികോപ്റ്ററിൽ ബ്രിസ്ബെയ്നിലെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിലേക്ക് മാറ്റി. ജോവാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗശാല അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ മൃഗശാല സന്ദർശകർക്കായി തുറന്നിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സിംഹം മൃഗശാലയിൽ തന്നെയുണ്ട്, ജീവനക്കാർക്കും പൊതുജനങ്ങൾക്കും നിലവിൽ ഭീഷണിയില്ല.
ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഈ മൃഗശാലയിൽ നടക്കുന്നതെന്നു 20 വർഷമായി ഒഴിവുവേളകളിൽ ജോവാൻ ഇവിടെ സന്ദർശനത്തിന് വരുന്നുണ്ടെന്നും സ്റ്റീവ് പറഞ്ഞു.































