മെൽബൺ∙ ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ വംശജനായ യുവാവിന് ക്രൂരമർദനം. ഫാർമസിയിൽ നിന്ന് മരുന്നുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സൗരഭ് ആനന്ദി(33)നെ ഒരു സംഘം കൗമാരക്കാർ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. സൗരഭ് ആനന്ദിന് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ അറ്റുതൂങ്ങിയ സൗരഭിന്റെ കയ്യ് പിന്നീട് ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ചു.
ജൂലൈ 19ന് വൈകിട്ട് 7.30ഓടെ ആൾട്ടോന മെഡോസിലെ സെൻട്രൽ സ്ക്വയർ ഷോപ്പിങ് സെന്ററിന് പുറത്തുള്ള ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൗരഭ്. സുഹൃത്തുമായി ഫോണിൽ സംസാരിച്ച് നടന്നുപോകുമ്പോൾ അഞ്ച് കൗമാരക്കാർ സൗരഭിനെ വളഞ്ഞു. ഒരാൾ സൗരഭിന്റെ പോക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. മറ്റൊരാൾ സൗരഭ് നിലത്ത് വീഴുന്നത് വരെ മുഖത്ത് ഇടിച്ചു. മൂന്നാമതൊരാൾ കത്തി എടുത്ത് സൗരഭിന്റെ കഴുത്തിൽ വച്ചതായിട്ടാണ് റിപ്പോർട്ട്.
സൗരവ് ആനന്ദ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യം കൈത്തണ്ടയിൽ കത്തികൊണ്ട് ആക്രമിച്ചതെന്നാണ് വിവരം. നട്ടെല്ലിന് പൊട്ടലും തലയ്ക്ക് പരുക്കുകളും കൈയിലെ ഒന്നിലധികം എല്ലുകൾക്ക് ഒടിവുകളുമുണ്ട്.
‘‘കത്തി എന്റെ കൈത്തണ്ടയിലൂടെ തുളച്ചുകയറി. രണ്ടാമത്തെ ആക്രമണം കയ്യിലും മൂന്നാമത്തേത് എല്ലിലും തുളച്ചുകയറുന്ന രീതിയിലായിരുന്നു. കയ്യ്ക്ക് പുറമെ, പുറകിലും തോളിലും കുത്തേറ്റിരുന്നു. വേദന മാത്രമാണ് എനിക്കോർമ്മയുള്ളത്, എന്റെ കയ്യ് ഒരു നൂലിൽ തൂങ്ങിക്കിടക്കുകയായിരുന്നു.’’
രക്തം വാർന്ന് വേദനയോടെ സൗരഭ് സ്ഥലത്ത് നിന്ന് നടന്നുപോയി സഹായത്തിനായി നിലവിളിച്ചു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവിന്റെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയതെങ്കിലും, സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കൈത്തണ്ടയും കൈയും കൂട്ടിച്ചേർക്കാൻ സാധിച്ചു. ഇതിനായി സ്ക്രൂകളും ഉപയോഗിച്ചു.
സൗരഭിനെ ആക്രമിച്ച അഞ്ച് കൗമാരക്കാരിൽ നാല് പേരെ വിക്ടോറിയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ രണ്ട് പേർക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചവർ ഓഗസ്റ്റ് 11ന് കോടതിയിൽ ഹാജരാകണം. മറ്റ് രണ്ട് പേരെ ഓഗസ്റ്റ് 15നും കോടതിയിൽ ഹാജരാക്കും. ആക്രമണ കാരണം ഇതുവരെ വ്യക്തമല്ല. അഞ്ചാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.































