ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? എല്ലാ വർഷവും ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിംഗ് ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിടാറുണ്ട്. വിസയില്ലാതെ (വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ) എത്ര രാജ്യങ്ങളിലേയ്ക്ക് പ്രവേശിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇത്തവണയും യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ കൂടുതലുമുള്ളത്. റാങ്കിംഗ് എങ്ങനെയെന്ന് നോക്കാം.
1. സിംഗപ്പൂർ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി സിംഗപ്പൂരാണ് സ്വന്തമാക്കിയിരിക്കുന്നത്. സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 193 രാജ്യങ്ങളിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ശക്തമായ നയതന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
2. ജപ്പാൻ, ദക്ഷിണ കൊറിയ
ജപ്പാനും ദക്ഷിണ കൊറിയയുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പാസ്പോർട്ടുകൾ ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം.
3. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഫിൻലാൻഡ്, ഡെൻമാർക്ക്, അയർലൻഡ്
ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഫിൻലാൻഡ്, ഡെൻമാർക്ക്, അയർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉടമകൾക്ക് 189 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം സാധ്യമാകും. ഷെഞ്ചൻ ഏരിയയും ദീർഘകാല നയതന്ത്ര കരാറുകളുമാണ് ഇതിൽ ശക്തമായ സ്വാധീനം ചെലുത്തിയത്.
4. ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ
ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. ഈ പാസ്പോർട്ടുകൾ 188 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനം ഉറപ്പുനൽകുന്നു.
5. ഗ്രീസ്, സ്വിറ്റ്സർലൻഡ്, ന്യൂസിലാൻഡ്
ഗ്രീസ്, സ്വിറ്റ്സർലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാം സ്ഥാനം പങ്കിടുന്നു. 187 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടുകളാണ് ഈ രാജ്യങ്ങളുടേത്. ഗ്രീസും സ്വിറ്റ്സർലൻഡും യൂറോപ്യൻ യൂണിയൻ, ഷെഞ്ചൻ ഉടമ്പടികളിൽ നിന്ന് പ്രയോജനം നേടുമ്പോൾ ശക്തമായ വിദേശനയവും വ്യാപാര ബന്ധങ്ങളുമാണ് ന്യൂസിലൻഡിന്റെ ശക്തി.
6. യുണൈറ്റഡ് കിംഗ്ഡം
186 രാജ്യങ്ങളിലേയ്ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന പാസ്പോർട്ടുള്ള യുണൈറ്റഡ് കിംഗ്ഡം ആറാം സ്ഥാനത്താണ്.
7. ഓസ്ട്രേലിയ, ഹംഗറി, മാൾട്ട, പോളണ്ട്
ഓസ്ട്രേലിയ, ഹംഗറി, മാൾട്ട, പോളണ്ട് എന്നീ രാജ്യങ്ങൾ ഏഴാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നു.
8: കാനഡ, എസ്റ്റോണിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
എട്ടാം സ്ഥാനത്ത് കാനഡ, എസ്റ്റോണിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ 184 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഇതിൽ യുഎഇയുടെ പ്രകടനമാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദശകത്തിൽ 42-ാം സ്ഥാനത്തായിരുന്ന യുഎഇ ഇപ്പോൾ 8-ാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്.
9. ക്രൊയേഷ്യ, ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ
ക്രൊയേഷ്യ, ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് 9-ാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 183 രാജ്യങ്ങളിൽ പ്രവേശിക്കാം.
10. യുഎസ്എ, ലിത്വാനിയ, ഐസ്ലാൻഡ്
ഐസ്ലാൻഡ്, ലിത്വാനിയ എന്നിവയ്ക്കൊപ്പം പത്താം സ്ഥാനത്താണ് യുഎസ്എ. പാസ്പോർട്ട് ഉടമകൾക്ക് 182 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും.
പട്ടികയിൽ ചൈന 60-ാം സ്ഥാനത്തും ഇന്ത്യ 77-ാം സ്ഥാനത്തുമാണ്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 59 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനം സാധ്യമാണ്. 25 സ്ഥലങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനം നൽകുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.