ജീവിതത്തിൽ അനുദിന സാങ്കേതികവിദ്യയുടെ സ്വാധീനം എത്രത്തോളമെത്തിയെന്ന് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ചൈനയിൽ നിന്നുള്ള ഈ വീഡിയോയിൽ, പൂർണ്ണമായും റോബോട്ടുകളാൽ പ്രവർത്തിപ്പിക്കപ്പെടുന്ന ബീജിംഗിലെ ഒരു കടയിലെ ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ ലോകമെമ്പാടുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. ഒരാഴ്ച മുൻപാണ് ബീജിംഗിൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന ഈ കട ഉദ്ഘാടനം ചെയ്യപ്പെട്ടത്. റോബോട്ടുകൾ പൂർണ്ണമായും സർവീസ് നടത്തുന്ന കടയുടെ വിവിധ സവിശേഷതകൾ ഉദ്ഘാടന ചടങ്ങിൽ കടയുടമ വിശദീകരിച്ചിരുന്നു.
കടയിൽ എത്തുന്ന ഉപഭോക്താക്കൾക്ക് കാപ്പിയും വെള്ളവും നൽകുക ഹ്യൂമനോയിഡ് റോബോട്ടുകൾ ആയിരിക്കും. വർദ്ധിച്ച് വരുന്ന സാങ്കേതിക പുരോഗതിക്കൊപ്പം, ചൈന ഇത്തരത്തിൽ പലതിനെയും ഒരു റോബോട്ടിക് ലോകമാക്കി മാറ്റുകയാണ്. സമീപ വർഷങ്ങളിലെ ചൈനയുടെ സാങ്കേതിക വളർച്ച കാണിക്കുന്നതാണ് ഇവയെല്ലാം. കടയിലെത്തുന്ന ഉപഭോക്താക്കളോട് വ്യത്യസ്ത ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള ശേഷിയും ഈ റോബോട്ടുക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിദിനം ശരാശരി 2,000 ഉപഭോക്താക്കൾക്ക് സേവനം ചെയ്യാനും 500 ഓർഡറുകൾ ഡെലിവറി ചെയ്യാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
@CCTV എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. “ചൈനയുടെ അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ ഈ പുതിയ ലോകം. പൂർണ്ണമായും റോബോട്ട് സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ കട വ്യാഴാഴ്ച ബീജിംഗിൽ ആരംഭിച്ചു” എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. മെട്രോ നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരത്തിൽ റോബോട്ടുകളാൽ പ്രവർത്തിപ്പിക്കുന്ന ക്യാബിനുകൾ തുറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റോബോട്ടിക്സ് കമ്പനിയായ ഗാലക്സി ബോട്ട് ഇത്തരത്തിൽ കൂടുതൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള ആശങ്കകൾ ഉയർന്നു. മനുഷ്യ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേക്കും റോബോട്ടുകളെ കടത്തിവിട്ടാൽ അത് മനുഷ്യന് തന്നെ ആപത്താകും എന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ തന്നെ മനുഷ്യർ ചെയ്യുന്ന ജോലികളിൽ റോബോട്ടുകളെ പകരക്കാരാക്കിയാൽ അത് നിരവധി മനുഷ്യരുടെ ജീവനോപാധിയാണ് ഇല്ലാതാക്കുന്നതെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.