ഷാങ്ഹായ്: ചൈനയിലെ പ്രമുഖ ഭക്ഷണശാലയിൽ എത്തിയ ശേഷം സൂപ്പിനായി തയ്യാറാക്കിയ പച്ചക്കറികൾ വേവിച്ചുണ്ടാക്കിയ ബ്രോത്തിൽ മൂത്രമൊഴിച്ച കൗമാരക്കാർക്ക് 309000 യുഎസ് ഡോളർ(ഏകദേശം 27,214,106 രൂപ) പിഴ ശിക്ഷ. ഫെബ്രുവരി മാസത്തിൽ ചൈനയിലെ ഏറ്റവും വലിയ ഭക്ഷണ ശൃംഖലകളിലൊന്നായ ഹൈഡിലാവോയുടെ ഷാങ്ഹായ് ശാഖയിലായിരുന്നു 17കാരുടെ അതിരുവിട്ട തമാശ. മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ ഇവ വീഡിയോ പ്രചരിപ്പിക്കുക കൂടി ചെയ്തതിന് പിന്നാലെ നാലായിരത്തിലേറെ ഉപഭോക്താക്കൾക്ക് ചൈനീസ് ഹോട്ട്‌പോട്ട് ഭീമൻ ഹൈഡിലാവോ നഷ്ടപരിഹാരം നൽകിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പതിനേഴുകാരുടെ പ്രവർത്തി. മാർച്ച് മാസത്തിൽ സംഭവത്തിൽ 30 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈഡിലാവോ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കൗമാരക്കാരിൽ നിന്ന് 2.7 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ ഷാങ്ഹായ് കോടതി ഉത്തരവിട്ടത്. കൗമാരക്കാരെ നിയന്ത്രിക്കാതിരുന്ന മാതാപിതാക്കൾക്കെതിരെ രൂക്ഷമായ വിമർശനത്തോടെയാണ് കോടതി ഉത്തരവ്.
ഹോട്ടൽ നഷ്ടപരിഹാരം നൽകിയത് 4000 പേർക്ക്
സംഭവത്തിന് പിന്നാലെ ഹോട്ടൽ ശൃംഖലയ്ക്ക് സംഭവിച്ച മാന നഷ്ടത്തിനും പാത്രങ്ങളും സ്പൂണുകളും അടക്കമുള്ളവ മാറ്റേണ്ടി വന്നതിനുമാണ് വൻ തുക ഹോട്ടലുടമകൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. സംഭവം നടന്ന ഫെബ്രുവരി 24ന് നാലായിരത്തിലേറെ പേരാണ് ഹോട്ടലിലെത്തിയത്. ഇവർക്ക് പണം മുഴുവൻ തിരികെ നൽകിയിരുന്നു.
ഭക്ഷണം കഴിക്കാൻ എത്തിയ കൗമാരക്കാര്‍ റെസ്റ്റോറന്‍റിലെ സ്വകാര്യ മുറിയിലിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇതിനിടെ ഇരുവരും തങ്ങളുടെ സൂപ്പിലേക്ക് മൂത്രമൊഴിക്കുകയും അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.