ന്യൂഡൽഹി : എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെത്തുടർന്ന് യുഎസിൽനിന്ന് അവധിക്ക് ഇന്ത്യയിലേക്കു വരാനിരുന്ന ഒട്ടേറെപ്പേർ യാത്ര ഉപേക്ഷിച്ചു. ദുർഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്കു പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതിനു പിന്നാലെ സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സിന്റെ വിമാനം മണിക്കൂറുകൾ വൈകി. യുഎസ് വിമാനത്താവളങ്ങളിൽ മാത്രമല്ല ദുബായിലും മറ്റു ചില ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാർ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
വീസാ ഫീസ് നിരക്ക് വർധനയെക്കുറിച്ചുള്ള വാർത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തിൽ 10-15 യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നും വാർത്തയുണ്ട്.
∙ യുഎസിലേക്ക് മടങ്ങുന്നവർക്ക് എല്ലാ സഹായവും
യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാൻ വിദേശകാര്യ മന്ത്രാലയം എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദേശം നൽകി. വീസ നിരക്കു വർധനയുടെ വാർത്തകൾക്കു പിന്നാലെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയർന്നു. ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയിൽനിന്ന് 70,000-80,000 ആയി.
പരിഹാരംകാണുമെന്ന് പ്രതീക്ഷ: ഇന്ത്യ
പ്രതിസന്ധിക്കു യുഎസ് സർക്കാർ ഉചിതമായ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുകയാണെന്നും അറിയിച്ചു.