സാന്റാക്ലാര: അമേരിക്കന്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനായ ടെക്കി മുഹമ്മദ് നിസാമുദ്ദീന്റെ അവസാന ലിങ്ക്ഡ് ഇന്‍ പോസ്റ്റ് അതിവേഗം വൈറലായിരിക്കുകയാണ്. തെലങ്കാനയിലെ മെഹബൂബ് നഗര്‍ സ്വദേശിയാണ് മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് നിസാമുദ്ദീന്‍. നിരന്തരമായ വംശീയ വിദ്വേഷത്തിനും അതിന്റെ ഭാഗമായി കൊലപാതകശ്രമത്തിനു വരെ താന്‍ ഇരയാണെന്നു നിസാമുദ്ദീന്‍ ഈ പോസ്റ്റില്‍ പറയുന്നു. തൊഴില്‍ നിഷേധവും അന്യായമായ പിരിച്ചുവിടലും ഉള്‍പ്പെടെ വളരെയേറെ ദുരനുഭവങ്ങളില്‍ കൂടെയാണു താന്‍ കടന്നുപോരുന്നതെന്നും ലോകത്തോടായി പറയുകയാണ് ഈ യുവാവ്. അവസാനം ഇനി ലോകത്തോട് ഒന്നും പറയാനില്ലാത്ത അവസ്ഥയിലേക്ക് പോലീസിന്റെ തോക്ക് അയാളെ കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു.
മുഹമ്മദ് നിസാമുദ്ദീന്റെ പോസ്റ്റില്‍ നിന്ന്:
”വംശീയ വെറിയും അതിന്റെ അടിസ്ഥാനത്തിലുള്ള കടുത്ത വിവേചനവും പീഢനവും വഞ്ചനയുമാണ് ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളെപ്രതിയുള്ള പിരിച്ചുവിടലും തൊഴില്‍ നിഷേധവും അനീതിയുമാണ് എന്റെ അനുഭവം. ഇതിനൊക്കെ എതിരേ ശബ്ദമുയര്‍ത്താന്‍ ഞാന്‍ തീരുമാനിക്കുകയാണ്. വെളുത്ത നിറത്തിന്റെ പേരിലുള്ള അമേരിക്കക്കാരന്റെ ആധപത്യ മനോഭാവവും ഇനി അനുവദിച്ചു കൂടാ. കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാരുടെ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണം. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെല്ലാം ശിക്ഷിക്കപ്പെടണം. അങ്ങേയറ്റം ശത്രുതാപരമായ അന്തരീക്ഷത്തിലാണ് ഞാന്‍, ഇത് അംഗീകരിക്കാനാവില്ല. വിവേചനമാണെവിടെയും. വംശീയ പീഢനം അതിനു പുറമെ. ഇതിനൊക്കെ പുറമെയാണ് എന്റെ കമ്പനി നടത്തിയ ശമ്പളത്തട്ടിപ്പ്.
എനിക്കവര്‍ ന്യായമായ ശമ്പളം തന്നതേയില്ല. ലേബര്‍ വകുപ്പ് പറയുന്ന നടപടിക്രമങ്ങളൊന്നും കൂടാതെയാണ് പിരിച്ചുവിട്ടത്. അതുകൊണ്ടും ഉപദ്രവം തീര്‍ന്നില്ല. വംശീയ വിദ്വേഷം സൂക്ഷിക്കുന്നൊരു കുറ്റാന്വേഷകന്റെയും സംഘത്തിന്റെയും സഹായം കൂടി ഉപയോഗിച്ചുകൊണ്ടാണ് തുടര്‍ന്നുള്ള പീഢനം.
ഇപ്പോള്‍ അതില്‍ നിന്നും കാര്യങ്ങള്‍ വഷളായിരിക്കുന്നു. ഒരിക്കല്‍ എന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. അങ്ങനെ എന്നെ തീര്‍ത്തുകളയുകായായിരുന്നു ലക്ഷ്യം. ഇപ്പോഴിതാ താമസിക്കുന്ന സ്ഥലത്തു നിന്ന് എന്നെ പുറത്താക്കുന്നു. എനിക്കൊപ്പം ജോലിചെയ്യുന്നവരും എന്റെ കമ്പനിയുടെ ക്ലയന്റുമാരും മാനേജ്‌മെന്റും മുമ്പു പറഞ്ഞ ഡിറ്റക്ടീവും ഇവരെല്ലാം ഉള്‍ക്കൊള്ളുന്ന വെളുത്തസമൂഹചത്തിന്റെ മറ്റു പ്രതിനിധികളുമൊക്കെയാണ് ഇതിനെല്ലാം പിന്നിലുള്ളത്.
ഇപ്പോഴത്തെ ഒരു കുഴപ്പത്തിനും പിന്നില്‍ എനിക്കല്ല ഉത്തരവാദിത്വം. എന്നെ അടിച്ചമര്‍ത്തുന്നവര്‍ക്കു മാത്രമാണ് ഓരോ കാര്യത്തിനും ഉത്തരവാദിത്വം. ഇന്ന് എനിക്കാണിതു വരുന്നതെന്നു മാത്രം. നാളെ അമേരിക്കക്കാരനല്ലാത്ത ഏതൊരാള്‍ക്കും ഇതു തന്നെ സംഭവിക്കാം. അതിനാല്‍ എനിക്കു വേണ്ടത് നീതിയാണ്. എന്നെ അടിച്ചമര്‍ത്തുന്ന എല്ലാവര്‍ക്കുമെതിരേ എനിക്കു നീതിവേണം. ഇതിനു വേണ്ടതൊക്കെ ചെയ്തു സഹായിക്കണമെന്നു ലോകത്തോടു മുഴുവന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. ഞാന്‍ വിശുദ്ധനൊന്നുമല്ല, എന്നാല്‍ അവരാരും ദൈവമല്ലെന്ന് അവരും തിരിച്ചറിയേണ്ടതുണ്ട്. ബാക്കി ഫയലുകള്‍ മറ്റൊരു പോസ്റ്റില്‍ ഞാന്‍ അപ്‌ലോഡ് ചെയ്യുന്നതാണ്.’
എന്നാല്‍ ഈ പറയുന്ന ഒരു ഫയല്‍ പോലും അപ്‌ലോഡ് ചെയ്യാന്‍ അവസരം ലഭിക്കാതെ ആ ചെറുപ്പക്കാരന്റെ ജീവന്‍ ഒരു തോക്കിന്‍ കുഴലില്‍ തീര്‍ന്നിരിക്കുന്നു. അതിനു പറയുന്ന ന്യായമാണെങ്കില്‍ സഹപ്രവര്‍ത്തകനെ കുത്തിയ ശേഷം അക്രമാസക്തനായി നില്‍ക്കുകയായിരുന്നെന്നും.