കാബൂൾ: ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാന്‍. ബഗ്രാം തിരിച്ചുപിടിക്കാനുള്ള യുഎസ് ശ്രമങ്ങളുമായി സഹകരിച്ചാൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും താലിബാൻ നേതാക്കൾ പ്രതികരിച്ചു. കാണ്ഡഹാറില്‍ ചേര്‍ന്ന താലിബാന്‍റെ ഉന്നതതല നേതൃ യോഗത്തിലാണ് മുന്നറിയിപ്പ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുംദ്സാദ അദ്ധ്യക്ഷനായ യോഗത്തിൽ മന്ത്രിസഭാംഗങ്ങൾ, രഹസ്യാന്വേഷണ മേധാവികൾ, സൈനിക കമാൻഡർമാർ, ഉലമാ കൗൺസിൽ എന്നിവർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്.
ബഗ്രാം വ്യോമതാവളത്തിന്‍റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്നും അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ആവശ്യം താലിബാൻ നേതാക്കൾ ഏകകണ്ഠമായി തള്ളി. വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നേരത്തെ പറഞ്ഞത്, അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് ഭൂമി പോലും അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ല എന്നാണ്.
പാകിസ്ഥാന് മുന്നറിയിപ്പ്
ബഗ്രാം വ്യോമതാവളത്തിന്‍റെ കാര്യത്തിൽ അമേരിക്കയുമായി സഹകരിച്ചാൽ പാകിസ്ഥാനെ ‘ശത്രുരാജ്യ’മായി കണക്കാക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക നടപടിക്ക് പാകിസ്ഥാൻ ഏതെങ്കിലും തരത്തിൽ സൈനിക, നയതന്ത്ര, ഗതാഗത സഹായം നൽകിയാൽ പാകിസ്ഥാനെ ശത്രുരാജ്യമായി കണക്കാക്കും എന്നാണ് താക്കീത്. താലിബാന്റെ മുന്നറിയിപ്പ് പാകിസ്ഥാനെ സംബന്ധിച്ച് പ്രതിസന്ധിയാണ്. അമേരിക്കയെയോ അഫ്ഗാനെയോ പിണക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു തീരുമാനമെടുക്കൽ ദുഷ്കരമാണ്. അമേരിക്കയുമായി സഹകരിച്ചാൽ താലിബാൻ ശത്രുവായി കണക്കാക്കും. ഇത് അതിർത്തിയിൽ സംഘർഷങ്ങൾക്ക് കാരണമാകും. അതേസമയം പാകിസ്ഥാന് നിരവധി പ്രതിസന്ധികൾക്കിടെ അമേരിക്കയെ പിണക്കാനും കഴിയില്ല. അതേസമയം അഫ്ഗാനെതിരെ സൈനിക നടപടികളിലേക്ക് കടക്കുമോയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക നിർമിച്ച വ്യോമതാവളത്തിന്‍റെ നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന ട്രംപിന്‍റെ പരാമർശം പല ഊഹാപോഹങ്ങൾക്കും കാരണമായിരിക്കുകയാണ്.
ദോഹ കരാർ ചൂണ്ടിക്കാട്ടി താലിബാൻ
ട്രംപിന്റെ ആവശ്യങ്ങൾ തള്ളിക്കളയാൻ 2020-ലെ ദോഹ കരാറാണ് താലിബാൻ ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ അനുസരിച്ച് അമേരിക്ക അഫ്ഗാനിസ്ഥാന്‍റെ ഭൂമിയിലോ ആഭ്യന്തര കാര്യങ്ങളിലോ ഇടപെടരുത്. നിലവിൽ സാഹചര്യത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ, നയതന്ത്ര നീക്കങ്ങൾക്കായി താലിബാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുംദ്, വിദേശകാര്യ മന്ത്രി മുത്തഖി എന്നിവരെ അടിയന്തരമായി ചുമതലപ്പെടുത്തി. റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ താലിബാന്റെ നിലപാട് അറിയിക്കും. അമേരിക്കൻ നടപടികളെ പിന്തുണയ്ക്കരുതെന്ന് ഈ രാജ്യങ്ങളോട് അഭ്യർത്ഥിക്കും. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
എന്താണ് ബഗ്രാം എയർ ബേസ്?
യുഎസിലെ 9/11 ആക്രമണങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബഗ്രാം എയർ ബേസ്. ആയിരക്കണക്കിന് ആളുകളെ യുഎസ് സേന വർഷങ്ങളോളം ഇവിടെ വിചാരണ കൂടാതെ തടവിലാക്കിയിരുന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത് യുഎസ് സൈനികർക്കായി ബർഗർ കിംഗ്, പിസ്സ ഹട്ട് പോലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളും, ഇലക്ട്രോണിക്സ് മുതൽ അഫ്ഗാൻ പരവതാനികൾ വരെ വിൽക്കുന്ന കടകളും ഈ താവളത്തിൽ ഉണ്ടായിരുന്നു എന്നാണ്. ബഗ്രാമിൽ ഒരു വലിയ ജയിലും ഉണ്ടായിരുന്നു. 2021 ജൂലൈയിൽ യുഎസ്, നാറ്റോ സൈനികർ ബഗ്രാം വ്യോമതാവളത്തിൽ നിന്ന് പിൻവാങ്ങി. ആദ്യ ട്രംപ് ഭരണകൂടത്തിന്‍റെ കാലത്തുണ്ടാക്കിയ കരാർ ബൈഡൻ ഭരണ കാലത്താണ് പ്രാബല്യത്തിൽ വന്നത്.
ബഗ്രാം വ്യോമതാവളത്തിന്‍റെ തന്തപ്രധാന സ്ഥാനമാണ് അമേരിക്കയെ സംബന്ധിച്ച് ഏറ്റവും ആകർഷകമായിട്ടുള്ളത്. ഇറാൻ, പാകിസ്ഥാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്താനും നിരീക്ഷണം ശക്തമാക്കാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ യുകെ സന്ദർശനത്തിനിടെയാണ് ഈ തന്ത്രപ്രധാനമായ താവളത്തിന്റെ നിയന്ത്രണം തിരികെ നേടാൻ യുഎസ് ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്.
“ഞങ്ങൾ ബഗ്രാം തിരികെ നേടാൻ ശ്രമിക്കുകയാണ്. അതെ, അത് ഒരു ചെറിയ ബ്രേക്കിംഗ് ന്യൂസാണ്. അവർക്ക് നമ്മളിൽ നിന്ന് ചിലത് ആവശ്യമുള്ളതിനാൽ നമ്മൾ അത് തിരികെ നേടാൻ ശ്രമിക്കുന്നു”- എന്നാണ് യുകെ പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.