ടൊറന്‍റോ: കാനഡയിലെ മിസ്സിസാഗയിൽ കുട്ടികളുടെ പാർക്കിന് സമീപം ഇന്ത്യൻ എലികൾ എന്ന വിദ്വേഷപരമായ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത് ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണർത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിനെതിരെ കാനഡയിൽ വർധിച്ചു വരുന്ന വംശീയതയുടെയും ഭയപ്പെടുത്തലിന്‍റെയും ഹിന്ദു വിദ്വേഷത്തിന്‍റെയും ഭാഗമാണ് ഈ സംഭവമെന്ന് യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ കോളിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) എക്സിൽ കുറിച്ചു. മിസ്സിസാഗയിലെ കുട്ടികളുടെ പാർക്കിനടുത്ത് കണ്ടെത്തിയ ‘ഇന്ത്യൻ എലികൾ’ എന്ന വിദ്വേഷപരമായ ഗ്രാഫിറ്റിയിൽ അതീവ ദുഃഖിതരാണെന്നും സംഘടന പോസ്റ്റിൽ പറഞ്ഞു.
‘ഹിന്ദുഫോബിയ’ പ്രത്യേക വിദ്വേഷമായി കണക്കാക്കണം
കുടുംബ സൗഹൃദ പൊതുസ്ഥലത്ത് നടന്ന ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും, വർധിച്ചുവരുന്ന വിദ്വേഷത്തിന്‍റെ ലക്ഷണമാണെന്നും CoHNA വ്യക്തമാക്കുന്നു. ‘ഇൻഡോ-കനേഡിയൻസും ഹിന്ദുക്കളും രാജ്യത്തുടനീളം നേരിടുന്ന വർധിച്ചു വരുന്ന വംശീയത, ഭീഷണിപ്പെടുത്തൽ, ഹിന്ദുവിദ്വേഷം എന്നിവയുടെ ഭാഗമാണിത്. വിദ്വേഷം കൂടുതൽ പ്രകടമാകുമ്പോഴും നിയമപാലകരുടെയും നിയമനിർമ്മാതാക്കളുടെയും നടപടികൾ അതിനനുസരിച്ച് ഉയരുന്നില്ല’ സംഘടന കൂട്ടിച്ചേർത്തു. സംഭവത്തിൽ പീൽ റീജിയണൽ പോലീസ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
കാനഡ ഇന്ത്യൻ എച്ച്-1ബി പ്രതിഭകളെ തേടുന്നു
അതേസമയം, യുഎസ് എച്ച്-1ബി വിസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ചുമത്താൻ തീരുമാനിച്ചതിന് പിന്നാലെ, വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി നിലപാട് സ്വീകരിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ഈ മാറ്റം യുഎസ് കമ്പനികൾക്ക് നിലനിർത്താൻ പ്രയാസമുള്ള വിദഗ്ധ തൊഴിലാളികളെ കാനഡയിലേക്ക് ആകർഷിക്കാൻ ഒരു അവസരമാണെന്ന് കാർണി വിശേഷിപ്പിച്ചു. എച്ച്-1ബി വിസ സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്. 2024 സാമ്പത്തിക വർഷത്തിൽ എച്ച്-1ബി വിസ അംഗീകാരങ്ങളുടെ ഏകദേശം 71 ശതമാനം ഇന്ത്യൻ പൗരന്മാർക്കാണ് ലഭിച്ചത്.