ബീജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് ചൈന. ഹുയാജിയാങ് ഗ്രാന്‍റ് കന്യോൻ എന്ന് പേരിട്ട പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. ഗുയിഷൗ പ്രവിശ്യയിൽ നദിക്കു കുറുകെയാണ് പാലം നിർമിച്ചത്. പ്രതലത്തിൽ 625 മീറ്റർ ഉയരത്തിൽ നിർമിച്ച പാലം അത്ഭുതമാവുകയാണ്. ഹുയാജിയാങ് ഗ്രാൻഡ് കന്യോനിലെ ഇരു വശത്തേക്കുമുള്ള യാത്രക്ക് മുമ്പ് രണ്ട് മണിക്കൂർ എടുത്തിരുന്നെങ്കിൽ പാലം തുറന്നതോടെ വെറും രണ്ട് മിനിറ്റായി കുറഞ്ഞു. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ വഴി പുറത്തുവന്നു.
https://twitter.com/i/status/1972225887484678410
നിർമാണം പൂർത്തിയാക്കിയ പാലത്തിന്‍റെ സുരക്ഷാ പരിശോധനകൾ കഴിഞ്ഞ മാസമാണ് നടന്നു. ഭാരം വഹിച്ച 96 ട്രക്കുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. വലിയ വിനോദസഞ്ചാര സാധ്യതകൾ കൂടിയാണ് പാലം യാഥാർഥ്യമാക്കിയതിലൂടെ തുറന്നത്. 207 മീറ്ററിൽ സൈറ്റ് സീയിങ് എലിവേറ്റർ, ആകാശ കഫേകൾ, കാഴ്ച കാണാനുള്ള പ്ലാറ്റ്ഫോം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. 2,900 മീറ്റർ നീളവും 1420 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.