ഹോങ്കോങ്ങ്: ശാസ്ത്രജ്ഞരെ ആകർഷിക്കുന്നതിൽ ചൈന അമേരിക്കയെ പിന്നിലാക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ നിന്ന് നിരവധി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും അമേരിക്കയെ ഉപേക്ഷിച്ച് ചൈനയിൽ ചേക്കേറുന്നതായും സിഎൻഎന്നിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ വർഷം യുഎസിൽ ജോലി ചെയ്യുന്ന 85ഓളം അറിയപ്പെടുന്ന ശാസ്ത്രജ്ഞരെങ്കിലും ചൈനീസ് ഗവേഷണ സ്ഥാപനങ്ങളിൽ മുഴുവൻ സമയ ജോലിക്കാരായി ചേർന്നു. 2025 ൽ പകുതിയിലധികം പേരും ഈ ജോലിയിൽ പ്രവേശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. വൈറ്റ് ഹൗസ് ഗവേഷണ ബജറ്റുകൾ വെട്ടിക്കുറയ്ക്കുകയും വിദേശ പ്രതിഭകളുടെ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുകയും ചെയ്തതാണ് പലരും രാജ്യം വിട്ടുപോകാൻ കാരണം.
അതേസമയം, ശാസ്ത്ര സാങ്കേതിക രംഗത്ത് ചൈന നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നു. ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ എന്നറിയപ്പെടുന്ന പ്രക്രിയയുടെ ഭാഗമാണ് ഇവയിൽ ഭൂരിഭാഗവും ചൈനയിലേക്ക് പോകുന്നതെന്നും പറയുന്നു. ഭാവി രൂപപ്പെടുത്തുന്ന എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സെമി കണ്ടക്ടറുകൾ, ബയോടെക്, ഇന്റലിജന്റ് മിലിട്ടറി ഹാർഡ്‌വെയർ എന്നിവയിൽ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിൽ ചൈനക്ക് മുൻതൂക്കമുണ്ടായേക്കാമെന്നും പറയുന്നു. വർഷങ്ങളായി ചൈനീസ് സർക്കാർ കഴിവുള്ള അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ആകർഷിക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഉന്നത ബിരുദങ്ങൾ നേടുന്നതിനായി രാജ്യം വിട്ട ആയിരക്കണക്കിന് ചൈനീസ് ഗവേഷകരയടക്കം തിരിച്ചെത്തിക്കാനും ചൈന ശ്രമിച്ചിരുന്നു.
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഫെഡറൽ ഗവേഷണ ബജറ്റുകളിൽ വൻതോതിലുള്ള വെട്ടിക്കുറവുകൾ വരുത്തുകയും ഗവേഷണത്തിന്റെ സർക്കാർ മേൽനോട്ടം വർദ്ധിപ്പിക്കുകയും, സ്പെഷ്യലൈസ്ഡ് വിദേശ തൊഴിലാളികൾക്കുള്ള H1-B വിസകളുടെ ഫീസ് വർധിപ്പിക്കുകയും ചെയ്തത് ചൈനക്ക് അനുകൂലമായി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകൾക്കായി “കെ വിസ” എന്ന് വിളിക്കപ്പെടുന്ന പുതിയ വിസ ചൈന അവതരിപ്പിച്ചേക്കും. യൂറോപ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് മികച്ച ഗവേഷകരെയും ചൈന ലക്ഷ്യമിടുന്നു.