കാബൂൾ: അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റർനെറ്റ് ലഭ്യത നഷ്ടമായതെന്നും താലിബാൻ അറിയിച്ചു. വാർത്തകൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ താലിബാനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. വിവാദത്തിൽ ആദ്യമായിട്ടാണ് താലിബാൻ പ്രതികരിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദം മൂലം ബാങ്കിങ്, വാണിജ്യം, വ്യോമഗതാഗതം എന്നിവയെല്ലാം താറുമാറായെന്ന് വാർത്തകൾ വന്നിരുന്നു.
അതേസമയം, അധാർമികതയ്‌ക്കെതിരെ പോരാടുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ച ഉത്തരവ് കാരണം കഴിഞ്ഞ മാസം നിരവധി പ്രവിശ്യകൾ ഇന്റർനെറ്റ് ഷട്ട്ഡൗൺ സ്ഥിരീകരിച്ചു. ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ശരിയല്ലെന്ന് പാകിസ്ഥാൻ പത്രപ്രവർത്തകരുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പിൽ പങ്കിട്ട പ്രസ്താവനയിൽ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ കാരണണാണ് രാജ്യവ്യാപകമായി തുടർച്ചയായി ഉണ്ടാകുന്ന ഇന്‍റര്‍നെറ്റ് തടസ്സങ്ങളുടെ കാരണമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
അതേസമയം, സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ രാജ്യത്തുടനീളം ഇന്റർനെറ്റ് കണക്റ്റിവിറ്റി തകരാറിലാണെന്നും ടെലിഫോൺ സേവനങ്ങളെയും ബാധിച്ചുവെന്നും ഇന്റർനെറ്റ് അഭിഭാഷക ഗ്രൂപ്പായ നെറ്റ്ബ്ലോക്സാണ് റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. തിങ്കളാഴ്ച മുതൽ കാബൂളിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവച്ചിരുന്നെങ്കിലും ബുധനാഴ്ച വൈകിട്ടോടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് അഫ്ഗാൻ വിമാനക്കമ്പനിയായ കാം എയർ പ്രാദേശിക ടിവി ചാനലായ ടോളോ ന്യൂസിനോട് പറഞ്ഞു.