ബെംഗളൂരു: ഭാര്യയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. 28 വയസുകാരിയായ പ്രീതി സിംഗ് ആണ് ബെംഗളൂരുവിൽ വച്ച് മരിച്ചത്. ഭർത്താവ് ഛോട്ട ലാൽ സിംഗിനെ(32) അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊക്കസാന്ദ്രയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. മധ്യപ്രദേശ് സ്വദേശികളാണ് ഇരുവരും. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇയാൾ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബർ 24 ന് ആണ് സംഭവം. ജോലിക്കിടെ, ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രീതിയോട് ഇയാൾ പതിവുപോലെ വഴക്കുണ്ടാക്കുകയും ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കോൽ ഉപയോഗിച്ച് ആക്രമിക്കുകയും തലയിലും ശരീരത്തിലും ഗുരുതരമായി അടിക്കുകയും ചെയ്തു. പിന്നീട്, പരിക്കേറ്റ യുവതിയെ ടി ദാസറഹള്ളിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ ചോദിച്ചപ്പോൾ ഭാര്യ മുകളിൽ നിന്ന് താഴേക്ക് വീണുവെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, രണ്ട് കുട്ടികളും ചേർന്ന് അമ്മ ജോലി ചെയ്തിരുന്ന കമ്പനി ഉടമയുടെ അടുത്തെത്തി അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചുവെന്ന് പറയുകയായിരുന്നു.
തുടർന്ന് കമ്പനി ഉടമ പീനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെ ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി ആക്രമിച്ചതായി അയാൾ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.