ദില്ലി: ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര ബന്ധം പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ധാരണ. കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. വ്യാപാര രംഗത്തെ സഹകരണത്തിന് മന്ത്രിതല ചർച്ചകൾക്കും തീരുമാനമായി.
രണ്ടു രാജ്യങ്ങളുടെയും സുരക്ഷ, നിയമസംവിധാനം, അഖണ്ഡത, പരമാധികാരം എന്നിവ പരസ്പരം മാനിച്ച് സഹകരണം ശക്തമാക്കുമെന്ന് വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവന പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അനിത് ആനന്ദ് കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണത്തിനും പുരോഗതിക്കുമുള്ള നിർദ്ദേശങ്ങൾ ചർച്ചയായെന്ന് നരേന്ദ്ര മോദി കുറിച്ചു.