ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായ ചിലിയിലെ അറ്റക്കാമയിൽ പൂക്കളുടെ വസന്തകാലം. അപൂർവമായിട്ടാണ് അറ്റക്കാമയിൽ പൂവുകൾ വിരുന്നെത്താറുള്ളത്. വിനോദ സഞ്ചാരികളെയും ഗവേഷകരെയും ഒരേപോലെ ആകർഷിച്ചിരിക്കുകയാണ് വിവിധ നിറങ്ങളാൽ മരുഭൂമിയെ മനോഹരമാക്കിയ ഈ പൂവുകൾ.
പ്രതിവർഷം 2 മില്ലീമീറ്റർ മാത്രം മഴയാണ് അറ്റക്കാമയിൽ പെയ്യാറുള്ളത്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലമായി ഇത് മാറിയതും. എന്നാൽ ഈ വർഷം അറ്റക്കാമയിൽ താരതമ്യേന കൂടുതൽ മഴ ലഭിച്ചിരുന്നു. ഇതാവാം മരുഭൂമിയിലെ ഈ പൂക്കാലത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന ഈ ‘നാച്ചുറൽ ഫ്ലവർ ഷോ’ കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ചിലർ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽനിന്നും 800 കിലോമീറ്റർ ട്രക്ക് ചെയ്തും മരുഭൂമിയിലെ ഈ വസന്തം കാണാൻ വരുന്നുണ്ട്. പിങ്ക്, പർപ്പിൾ, വയലറ്റ്, വെള്ള, മഞ്ഞ, നീല, ചുവപ്പ് നിറങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്. വേനലിന്റെ വരവ് വരെയായിരിക്കും ഈ പൂക്കളുടെ ആയുസ്. നവംബറോടെ ഈ പൂക്കാലം അവസാനിക്കും. എന്നാൽപ്പോലും ഈ ചെടികളിൽ ചിലതിന് ഉയർന്ന താപനിലയെ അതിജീവിക്കാനായേക്കും.
‘ഡെസൈർട്ടോ ഫ്ലോറിഡോ’, ‘ഡെസേർട്ട് ബ്ലൂം’ എന്നൊക്കെയാണ് മരുഭൂമിയിലെ പൂക്കാല പ്രതിഭാസത്തെ വിശേഷിപ്പിക്കാറുള്ളത്. മരുഭൂമി മുഴുവൻ പൂക്കളുടെ പട്ടുമെത്ത വിരിഞ്ഞ പോലെ നിറങ്ങളാൽ സുന്ദരമാകുന്നതാണ് ഈ കാഴ്ച. 200 -ൽ അധികം സ്പീഷീസുകളിലുള്ള ചെടികളുടെ വിത്തുകൾ ഈ മരുഭൂമിയിൽ മഴകാത്ത് കിടക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. കുറഞ്ഞത് 15 മില്ലീ മീറ്റർ എങ്കിലും മഴ ലഭിച്ചാലേ ഇവയ്ക്ക് വളരാനാകൂ. ഇക്കൊല്ലം അസാധാരണമായി പെയ്ത മഴ മരുഭൂമിയുടെ താഴ്‍വരകളെയും ഉയർന്ന പ്രദേശങ്ങളെയും നനച്ചു. ഇതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റങ്ങളും സൂര്യപ്രകാശവും ഈർപ്പവും എല്ലാം ചേർന്നാണ് ഈ പൂക്കാലത്തെ മരുഭൂമിയിൽ അനുഭവവേദ്യമാക്കിയത്. സമീപ വർഷങ്ങളിൽ അറ്റാക്കാമയിൽ ഏറ്റവുമധികം മഴ ലഭിച്ച വർഷമായിട്ടാണ് 2025 കണക്കാക്കപ്പെടുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം വരൾച്ച രൂക്ഷമായ ഈ പ്രദേശത്ത് കുഞ്ഞുകുഞ്ഞു പൂക്കളുടെ പൂക്കാലം എത്തിയതിനെ കൗതുകത്തോടെയാണ് ഗവേഷകർ കാണുന്നത്. ഈ പൂക്കളുടെ വരവ് വരൾച്ചയ്ക്ക് മറുമരുന്നാകുമോ എന്ന പഠനങ്ങളും നടക്കുന്നുണ്ട്. ഈ കുഞ്ഞൻ ചെടികൾക്ക് വരൾച്ചയെയും കഠിനമായ താപനിലയെയും അതിജീവിക്കാൻ കഴിയുമോ എന്ന പഠനങ്ങളും സജീവമാണ്.
ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമയുടെ വിസ്തീർണം. ഈ അറ്റക്കാമയെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും കഥകളും പ്രചരിക്കാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ ഏലിയൻസിന്റെ സാന്നിധ്യമുണ്ട് എന്നതാണ് അതിൽ ഏറെ പ്രചാരമുള്ള ഒരു കഥ.