കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ ഇടം പിടിക്കുകയാണ് കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്കർ. നേപ്പാൾ മാതൃകയിൽ നടക്കുന്ന ജെൻസി പ്രക്ഷോഭത്തിൽ ആടിയുലയുകയാണ് ഈ കൊച്ചുരാജ്യം. യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് സൈനിക അട്ടിമറിയുണ്ടായി. എന്താണ് മഡഗാസ്കറിൽ സംഭവിക്കുന്നത് എന്ന് നോക്കാം.
സെപ്തംബർ 25നായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ജെൻസി മഡഗാസ്കർ എന്ന യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് പിന്നീട് അഴിമതി, അസമത്വം, പണപ്പെരുപ്പം, പൊതുഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങി പല പ്രശ്നങ്ങളെയും അഡ്രസ് ചെയ്തു. പ്രതിസന്ധിയിൽ നിന്നും കരകയറാൻ മഡഗാസ്കറിന് പുതിയ ഭരണഘടന വേണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
ആയിരക്കണക്കിന് യുവാക്കൾ അന്ന് മഡഗാസ്കറിന്റെ തലസ്ഥാനമായ ആന്റനാനാറിവോയിലും മറ്റ് പ്രധാന നഗരങ്ങളിലും തടിച്ചുകൂടി. വൈദ്യുതിയും കുടിവെള്ളവുമില്ലാതെ തങ്ങൾ വലഞ്ഞെന്ന് അവർ വിളിച്ചുപറഞ്ഞു. പ്രസിഡന്റ് അൻഡ്രി രജോലിനയ്ക്ക് എതിരെയായിരുന്നു ഈ പ്രതിഷേധ ശബ്ദങ്ങളെല്ലാം. മഡഗാസ്കറിന്റെ തെരുവീഥികൾ ശബ്ദമുഖരിതമായി. സൈന്യവും ജെൻസിക്കൊപ്പം ചേർന്നു. സൈന്യത്തെ ഇറക്കി പ്രതിഷേധങ്ങളെ അടിച്ചമർത്താനായിരുന്നു സർക്കാർ ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ഈ സംഘർഷത്തിൽ 22 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പിന്നീടാണ് സൈന്യത്തിലെ ഒരു വിഭാഗം പ്രസിഡന്റിന് എതിരെ തിരിഞ്ഞ് ജെൻസിക്ക് ഒപ്പം ചേർന്നത്. പ്രതിഷേധം രൂക്ഷമായതോടെ നിൽക്കക്കള്ളിയില്ലാതെ ഫ്രഞ്ച് വിമാനത്തിൽ പ്രസിഡന്റ് രാജ്യം വിട്ടു.
മഡഗാസ്കർ അസംബ്ലി പിരിച്ചുവിട്ടു. സൈന്യത്തിന്റെ കാപ്സാറ്റ് യൂണിറ്റ് ഭരണം ഏറ്റെടുത്തു. ഈ സൈനിക അട്ടിമറിക്ക് പിന്നാലെ മഡഗാസ്കർ ഭരണഘടന സസ്പെൻഡ് ചെയ്യപ്പെട്ടു. പട്ടാളവും പൊലീസും ചേർന്ന് മഡഗാസ്കറിന്റെ ഭരണത്തിൽ താൽക്കാലിക കമ്മിറ്റയുണ്ടാക്കി. രണ്ട് വർഷത്തിനകം സർക്കാർ രൂപീകരിക്കുമെന്നുമാണ് കാപ്സാറ്റ് അറിയിക്കുന്നത്. 2009ൽ സൈനിക പിന്തുണയോടെ അന്നത്തെ പ്രസിഡന്റിനെ അട്ടിമറിച്ചായിരുന്നു ആൻഡ്രി രജോലിന അധികാരത്തിലെത്തിയത്. 2013ലെ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടു. തുടർന്ന് 2018ലും 2023ലും അധികാരത്തിലെത്തി. വോട്ടർമാരെ ഭീഷണിപ്പെടുത്തിയും ഒത്തുകളിച്ചും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നെന്ന് ആരോപിച്ച് എതിരാളികൾ 2023ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
മുൻ ഫ്രഞ്ച് കോളനിയാണ് മഡഗാസ്കർ. 1960ൽ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി. ഇതിന് ശേഷം നിരവധി നേതാക്കളെ പ്രതിഷേധങ്ങളിലൂടെ പുറത്താക്കിയ ചരിത്രമുണ്ട് മഡഗാസ്കറിന്. ലോകത്തിലെ നാലാമത്തെ വലിയ ദ്വീപ്. ജനസംഖ്യ മൂന്ന് കോടി. ഇതിൽ മുക്കാൽ ഭാഗവും ദരിദ്രർ. സമീപ വർഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്ത അവസ്ഥകൂടി എത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി തവണ രാഷ്ട്രീയ അസ്ഥിരാവസ്ഥ ഉണ്ടായിട്ടുണ്ട് ഇവിടെ.
മഡഗാസ്കറിന്റെ ചരിത്രത്തിൽ ആദ്യമായാണ് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്ന തരത്തിലുള്ള, യുവാക്കൾ നയിക്കുന്ന പ്രക്ഷോഭമുണ്ടാകുന്നത്. വാഗ്ദാനങ്ങൾ പാലിക്കാത്ത പ്രസിഡന്റ് റജോലിന കഴിവുകെട്ട നേതാവാണെന്നാണ് ജെൻസികളുടെ ആരോപണം. സർക്കാർ ജീവനക്കാരോടും പ്രതിഷേധത്തിൽ പങ്കുചേരാൻ അവർ ആവശ്യപ്പെട്ടു. നേപ്പാളിലും ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും നടന്ന ജെൻസി പ്രതിഷേധങ്ങളുടെ പ്രതിഫലനം പോലെ പൊട്ടിച്ചിരിക്കുന്ന തലയോട്ടി ഇവരുടെയും ചിഹ്നമായി. മഡഗാസ്കറിൽ പൊട്ടിപ്പുറപ്പെട്ട യൂത്തിന്റെ ഈ ഫ്രസ്ട്രേഷൻ മറ്റ് ആഫ്രിക്കൻ സർക്കാരുകൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.