കാബൂൾ: പരസ്യമായി വധശിക്ഷ നടപ്പിലാക്കിയ താലിബാൻ നടപടി അപലപിച്ച് യുഎൻ. അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിലെ ഖലാ ഇ നവിലെ സ്റ്റേഡിയത്തിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. യുവാവിനെയും അയാളുടെ ഗർഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയ അഫ്ഗാൻ സ്വദേശിയെ ആണ് നിരവധിപ്പേർ സാക്ഷിയാക്കി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയത്. നൂറ് കണക്കിന് ആളുകളാണ് വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയായത്. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ നിരീക്ഷകനായ റിച്ചാർഡ് ബെന്നറ്റും യുഎൻ മനുഷ്യാവകാശ ഓഫീസും വധശിക്ഷ നടപ്പിലാക്കിയതിനെ അപലപിച്ചു. താലിബാൻ പരമോന്നത നേതാവിന്റെ അനുമതിയോടെയായിരുന്നു നിരവധിപ്പേരെ കാഴ്ചക്കാരാക്കി വധശിക്ഷ വിധിച്ചത്. 2021ൽ താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. നേരത്തെ ഫറാ, ഗാസ്നി, ലാഗ്മാൻ, ജോസ്ജാൻ, ബാഗ്ദിസ്, നിമ്റൂസ് എന്നീ പ്രവിശ്യകളിലാണ് പരസ്യമായി വധശിക്ഷ നടപ്പിലാക്കിയത്.
വിധി നടപ്പിലാക്കിയത് പ്രതികാര ശിക്ഷാ സമ്പ്രദായം അനുസരിച്ച്
താലിബാന്റെ പ്രതികാര ശിക്ഷാ സമ്പ്രദായം പ്രകാരം ഇരകളുടെ ബന്ധുവാണ് വധശിക്ഷ നടപ്പിലാക്കിയത്. ആയിരക്കണക്കിന് കാഴ്ചക്കാർക്ക് മുന്നിൽ വച്ച് ഇരകളുടെ ബന്ധു ഇയാളെ മൂന്ന് തവണ വെടിവച്ചതായി ദൃക്സാക്ഷികൾ പറയുന്നത്. മൂന്ന് കോടതികളുടെ അവലോകനത്തിനും താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ അന്തിമ അംഗീകാരത്തിനും ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് താലിബാൻ നേതൃത്വം വിശദമാക്കുന്നത്.
വധശിക്ഷയിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ ബുധനാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. 1996 മുതൽ 2001 വരെ താലിബാന്റെ ആദ്യ ഭരണകാലത്ത് പരസ്യമായി വധശിക്ഷ നടപ്പാക്കുക്കിയിരുന്നു. ഇവയിൽ ഏറിയപങ്കും നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിരുന്നത് സ്പോർട്സ് സ്റ്റേഡിയങ്ങളായിരുന്നു.