സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേമിയൻ മാർട്ടിൻ കോമയിൽ നിന്ന് ഉണർന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച് ആരോഗ്യം വഷളായതിനെ തുടർന്നാണ് വൈദ്യ സഹായത്തോടെ 54 വയസ്സുകാരനായ ഡേമിയൻ മാർട്ടിനെ കോമയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്നാണ് താരത്തെ കോമയിൽ നിന്ന് ഉണർത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ 26നാണ് അസുഖബാധിതനായതിനെ തുടർന്ന് ഡേമിയൻ മാർട്ടിനെ ഗോൾഡ് കോസ്റ്റിലെ വീട്ടിൽ നിന്ന് ബ്രിസ്ബേനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡേമിയൻ മാർട്ടിൻ ഇപ്പോൾ ചികിത്സയോട് പ്രതികരിക്കുന്നതായും സംസാരശേഷി വീണ്ടെടുത്തതായും സഹതാരമായിരുന്ന ഗിൽ ക്രിസ്റ്റ് അറിയിച്ചു. ഇത് അദ്ഭുതമാണെന്ന് ഡേമിയൻ മാർട്ടിന്റെ കുടുംബം കരുതുന്നത്. ഐസിയുവിൽ നിന്ന് ഉടൻ തന്നെ റൂമിലേക്ക് മാറ്റാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.
തലച്ചോറിനെയും നട്ടെല്ലിനെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ്. ഈ ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്.






























