മെൽബൺ : പങ്കാളിയുമായുള്ള ദീർഘകാല അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് വീട് വിട്ടിറങ്ങാൻ ഒരുങ്ങുകയായിരുന്നു നികിത അസോപാർഡി. വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് യാത്രയ്ക്ക് തയാറായെങ്കിലും, എവിടെ നിന്നും കാറിന്റെ താക്കോൽ കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല, വീട് പൂട്ടിയിരിക്കുകയായിരുന്നു. വീടിനുള്ളിൽ അകപ്പെട്ട നികിതയ്ക്ക് എന്ത് ചെയ്യണമെന്ന ധാരണയുണ്ടായിരുന്നില്ല.
അൽപസമയത്തിന് ശേഷം വീടിന് പുറത്ത് പോയിരുന്ന കാമുകൻ ജോയൽ മൈക്കലെഫ് തിരിച്ചെത്തി. ഇയാൾ നികിതയെ അതിക്രൂരമായി മർദിച്ചു. മർദനത്തെ തുടർന്ന് നികിത കൊല്ലപ്പെട്ടു. 2024 ഒക്ടോബർ 26ന് മെൽബണിൽ നടന്ന ഈ ക്രൂരകൊലപാതകത്തിന് ശേഷം ജോയൽ മൃതദേഹത്തിനൊപ്പമാണ് കഴിഞ്ഞത്.
മൃതദേഹം കണ്ടെത്തുന്നു, ജോയലിനെയും
രണ്ട് ദിവസമായി വിവരങ്ങൾ ഇല്ലാത്തതിനെ തുടർന്ന് സുഖവിവരങ്ങൾ അന്വേഷിക്കുന്നതിന് നികിതയുടെ സഹോദരങ്ങളായ ഷോണും ഡാരനും സഹോദരിയുടെ വീട്ടിലെത്തി. വീട്ടിൽ നിന്ന് പ്രതികരണമില്ലാത്തതിനാൽ പൂട്ടി കിടന്ന വീട് പൊളിച്ച് അകത്ത് കയറിയപ്പോൾ ചേതനയറ്റ നിലയിലുള്ള സഹോദരിയുടെ മൃതദേഹമാണ് ഇരുവരും കണ്ടത്. സഹോദരിയുടെ മൃതദേഹത്തിന് സമീപം തന്നെ കാമുകനായ ജോയലിനെയും ഇവർ കണ്ടെത്തി.
2017ലാണ് അക്കൗണ്ടന്റായ നികിത അസോപാർഡി ജോയൽ മൈക്കലെഫിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. 2019 മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാമെന്ന പ്രതീക്ഷയിലായിരുന്നു നികിത. പക്ഷേ, പിന്നീടുള്ള വർഷങ്ങളിൽ പ്രശ്നങ്ങൾ രൂക്ഷമായെന്ന് മാത്രമല്ല, അത് നികിതയുടെ മരണത്തിലേക്കും നയിച്ചു.
കൊലപാതകം തെളിഞ്ഞിട്ടും ജയിൽ ശിക്ഷയില്ല
കേസിൽ അറസ്റ്റിലായ ജോയൽ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് വാദിച്ചത്. പിന്നീട് കേസ് വിക്ടോറിയയിലെ സുപ്രീം കോടതിക്ക് മുന്നിലെത്തിയപ്പോൾ പ്രതിയുടെ അഭിഭാഷകൻ ജോയലിന് മാനസിക രോഗമുണ്ടെന്ന് വാദിച്ചു. കോടതി ഇടപെട്ട് മാനസിക രോഗ വിദഗ്ധരെ കൊണ്ട് ഇയാളുടെ മാനസിക നില പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഫൊറൻസിക് സൈക്യാട്രിസ്റ്റ് ആൻഡ്രൂ കരോളിന്റെ വിലയിരുത്തലിൽ ജോയലിന് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ, ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകാനാണ് കോടതി വിധിച്ചത്.
നികിതയ്ക്ക് അറിയാമായിരുന്നു?
ജോയലിന് പ്രശ്നങ്ങളുണ്ടെന്ന് നികിതയ്ക്ക് അറിയാമായിരുന്നുവെന്നാണ് നികിതയുടെ സഹോദരങ്ങൾ പറയുന്നത്. പ്രശ്നങ്ങൾ മാറി ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമെന്ന് നികിത പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷയുടെ മേൽ കരിനിഴൽ വീഴ്ത്തിയാണ് നികിത വീട് വിട്ട് ഇറങ്ങാൻ തീരുമാനിച്ച ദിവസം ജോയൽ ആക്രമിച്ചതും സഹോദരിയെ എന്നേക്കുമായി നഷ്ടമായതെന്നും വേദനയോടെ സഹോദരങ്ങൾ ഓർത്തെടുക്കുന്നു.































