ഓസ്‌ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് ഇന്ധന സംരക്ഷണത്തിനായി $20 മില്യൺ ചെലവിൽ “Every little bit helps” എന്ന പേരിൽ പുതിയ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും കാരണം ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
റേഡിയോ, ടെലിവിഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്ന ഈ ബോധവൽക്കരണ പരിപാടിയിൽ ടയറുകളിലെ വായു മർദ്ദം കൃത്യമായി നിലനിർത്തുക, വാഹനത്തിലെ അനാവശ്യ ഭാരങ്ങൾ ഒഴിവാക്കുക, പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും നൽകുന്നത്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലൂടെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, പെട്രോൾ പമ്പുകൾ അമിതവില ഈടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഉപഭോക്താക്കൾ തന്നെ സജീവമായി രംഗത്തുണ്ട്. ‘ഫ്യുവൽ ചെക്ക്’ പോലുള്ള സർക്കാർ ആപ്പുകൾ ഉപയോഗിച്ച് വിവിധ പമ്പുകളിലെ വില ഒത്തുനോക്കുന്ന ഡ്രൈവർമാർ, നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കുന്നുണ്ട്. പമ്പുകൾ പ്രദർശിപ്പിക്കുന്ന വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്ന പമ്പുകൾക്ക് 1100 ഡോളർ മുതൽ വൻ തുക വരെ പിഴ ചുമത്താൻ ഗവൺമെന്റ് നിർദ്ദേശം നൽകി.
നിലവിൽ രാജ്യത്ത് ഇന്ധന വിതരണത്തിൽ തടസ്സങ്ങളില്ലെങ്കിലും ഭാവിയിലെ സുരക്ഷ മുൻനിർത്തിയാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് മിനിസ്റ്റർ കാതറിൻ കിംഗ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യത്തെ കൂടുതൽ ഇന്ധന വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
അതേസമയം സാധാരണക്കാർ ഇതിനകം തന്നെ ഇന്ധനച്ചെലവ് കുറയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ ഇത്തരം പരസ്യങ്ങൾക്കായി $20 മില്യൺ നികുതിപ്പണം ചെലവാക്കുന്നത് അനാവശ്യമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വിമർശിക്കുന്നു.































