മെൽബൺ: വിക്ടോറിയയിലെ സൗത്ത് ഗിപ്പ്സ്ലാൻഡിൽ സംരക്ഷിത വന്യജീവികളായ വോംബാറ്റുകളെ (Wombat) വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കടുത്ത കുറ്റങ്ങൾ ചുമത്തി. 2024-ൻ്റെ അവസാനത്തിൽ വാക്കർവില്ലെയിൽ നടന്ന ക്രൂരമായ ഈ സംഭവത്തിന് പിന്നിൽ 20-ഉം 23-ഉം വയസ്സുള്ള യുവാക്കളാണ്.
സംരക്ഷിത മൃഗങ്ങളെ വേട്ടയാടിയതിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കുമാണ് ഈ യുവാക്കൾക്കെതിരെ വിക്ടോറിയൻ കൺസർവേഷൻ റെഗുലേറ്റർ കേസ് എടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് വച്ച് കരുതിക്കൂട്ടി വോംബാറ്റുകളുടെ മേൽ വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്നാണ് പ്രധാന കണ്ടെത്തൽ. ഇതിൽ 20 വയസ്സുള്ള ഒരു യുവാവിനെതിരെ 2025-ൽ വീനസ് ബേയിൽ വെച്ച് 9 വോംബാറ്റുകളെ കൊന്നതുമായി ബന്ധപ്പെട്ട മറ്റൊരു കേസും നിലവിലുണ്ട്. ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം പൂർത്തിയാക്കി നടപടികൾ സ്വീകരിച്ചത്.
വിക്ടോറിയയിലെ ‘വൈൽഡ്ലൈഫ് ആക്ട് 1975’, ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് 1986’ എന്നീ നിയമങ്ങൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംരക്ഷിത മൃഗങ്ങളെ വേട്ടയാടിയതിന് പരമാവധി $10,455 ഓസ്ട്രേലിയൻ ഡോളർ പിഴയും ആറ് മാസത്തെ തടവുമാണ് ലഭിക്കാവുന്ന ശിക്ഷ. ഇതിന് പുറമെ മൃഗങ്ങളോടുള്ള ക്രൂരത തെളിയിക്കപ്പെട്ടാൽ $52,275 ഡോളർ പിഴയും 12 മാസത്തെ തടവും ലഭിക്കും. മൊത്തത്തിൽ ഒന്നര വർഷത്തെ ജയിൽവാസവും വൻ തുകയുടെ പിഴയുമാകും ഇവരെ കാത്തിരിക്കുന്നത്. പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ ഓസ്ട്രേലിയൻ നിയമങ്ങൾ എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കേസ്.



























