രോഹിണി: പരിഹസിച്ചത് ചോദ്യം ചെയ്തു. 15 കാരിയെ ബ്ലെയ്ഡിന് കുത്തിക്കീറി കൗമാരക്കാരികൾ. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയിൽ. ദില്ലി രോഹിണിയിലാണ് സംഭവം. രണ്ട് സ്കൂളിലെ വിദ്യാർത്ഥിനികൾക്കിടയിലുണ്ടായ വാക്കുതർക്കത്തിൽ പ്രതികാരം തീർക്കാനുള്ള ആക്രമണത്തിലാണ് 15കാരിക്ക് ഗുരുതര പരിക്കേറ്റത്. 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ് 15കാരിയെ ബ്ലെയ്ഡിന് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹപാഠികളുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിൽ. ക്ലാസ് മുറിയിൽ വച്ച് 15കാരിയെ അക്രമികളുടെ സുഹൃത്ത് പരിഹസിക്കുന്നതും കളിയാക്കുന്നതും പതിവായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇത് പരിഗണിക്കാതെ പോവുന്നതായിരുന്നു പതിവ് രീതി. എന്നാൽ ഓഗസ്റ്റ് 9 ന് സഹപാഠിയോട് 15കാരി ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇതിലെ പ്രതികാരമായായിരുന്നു കൂട്ടം കൂടിയുള്ള ആക്രമണം.