ലക്നൗ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിയമനടപടി നേരിടുന്നതിനിടെ മരിച്ച യുവതി തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. സ്ത്രീധന പീഡന കൊലപാതകത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും നിയമനടപടി നേരിടുന്നതിനിടെയാണ് രണ്ട് വർഷത്തിന് ശേഷം ‘കൊല്ലപ്പെട്ട’ യുവതി തിരിച്ചെത്തിയത്. 2023ൽ ആണ് കേസിന് ആസ്പദമായ സംഭവം. 20 കാരിയായ യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാർ 2023 ഒക്ടോബറിൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ മകളെ ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ കൊന്നതാണന്ന് ആരോപിച്ച് യുവാവിനും കുടുംബത്തിലെ ആറു പേർക്കുമെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. രണ്ടു വർഷമായി ഈ കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് മധ്യപ്രദേശിൽനിന്ന് യുവതിയെ കണ്ടെത്തുന്നത്. മധ്യപ്രദേശിൽ യുവതി എന്തു ചെയ്യുകയായിരുന്നെന്നും എന്തുകൊണ്ടാണ് വീട്ടുകാരുമായി ബന്ധപ്പെടാത്തതെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.