രംഗറെഡ്ഡി: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ 13 വയസുകാരിയെ ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തി. അധ്യാപിക ജില്ലാ ശിശു സംരക്ഷണ സേവനങ്ങൾക്കും പൊലീസിനും വിവരം നൽകിയതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം സാധ്യമായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടിയെ മെയ് 28ന് കണ്ടിവാഡ സ്വദേശിയായ 40 വയസുകാരൻ ശ്രീനിവാസ് ഗൗഡിന് വിവാഹം കഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പെൺകുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപിക തഹസിൽദാർ രാജേശ്വറിനെയും ഇൻസ്പെക്ടർ പ്രസാദിനെയും വിവരം അറിയിക്കുകയായിരുന്നു.
പെൺകുട്ടി അമ്മയോടും സഹോദരനോടും ഒപ്പമാണ് താമസിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥനോട് അമ്മ പറഞ്ഞിരുന്നു. ഒരു ഇടനിലക്കാരനാണ് 40 വയസുകാരന്‍റെ വിവാഹാലോചന കൊണ്ടുവന്നത്. ചടങ്ങുകൾ മെയ് മാസത്തിൽ നടന്നുവെന്നും പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
40 കാരൻ, പെൺകുട്ടിയുടെ അമ്മ, ഇടനിലക്കാരൻ, നിയമവിരുദ്ധ വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തുവെന്നും പ്രസാദ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ സുരക്ഷയ്ക്കും പിന്തുണയ്ക്കുമായി ഒരു സഖി സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു.