വാർദ്ധക്യമേറുന്ന ജനസംഖ്യയെ കുറിച്ച് ചില സംസ്ഥാനങ്ങൾ നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. പ്രായമായവരുടെ എണ്ണം വരും വർഷങ്ങളിൽ കൂടുമെന്നതിനാൽ ജനസംഖ്യാ മാനേജ്മെന്റിനെ കുറിച്ച് (ഡെമോഗ്രാഫിക് മാനേജ്മെൻറ്) ചില സംസ്ഥാനങ്ങൾ ചിന്തിച്ചു തുടങ്ങിയതായി നീതി ആയോഗ് സി ഇ ഓ ബി. വി. ആർ. സുബ്രഹ്മണ്യം പറഞ്ഞു. യോഗത്തിന്റെ അധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ സ്വാഗതം ചെയ്തു.
ജനസംഖ്യാ വളർച്ചയിലെ കുറവ് വൈകിയ വേളയിൽ പരിഹരിക്കാമെന്നു കരുതിയാൽ ഫലം കാണണമെന്നില്ലെന്ന് ചില മുഖ്യമന്ത്രിമാർ പറഞ്ഞു. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഇക്കാര്യം ഉന്നയിച്ചതെന്ന് സിഇഒ വ്യക്തമാക്കിയില്ല. പ്രായമാകുന്നവരുടെ ക്ഷേമം, സാമ്പത്തിക ഭദ്രത അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും സംസ്ഥാനങ്ങൾ ചിന്തിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി പ്രായം 29 ആണെങ്കിൽ 2047ൽ ഇത് 37 ആയി മാറാം. പ്രായമായവർ 13 കോടിയിൽ നിന്ന് 35 കോടിയാകും. ജനസംഖ്യാ വളർച്ചയിലെ കുറവ് പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഉദാഹരണങ്ങളാണ് ജപ്പാൻ, ദക്ഷിണകൊറിയ, ചൈന എന്നിവ. പത്തോ ഇരുപതോ വർഷം മുൻപ് ജനസംഖ്യാ മാനേജ്മെന്റിനെ ക്കുറിച്ചു നമ്മൾ പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമായ 2047 ലേക്കുള്ള നയ രൂപീകരണ ചർച്ചകളാണ് പ്രധാനമായും നടന്നത്. സ്കിൽ സെൻസസ് നടത്തണമെന്നും നദികൾ ബന്ധിപ്പിക്കണമെന്നും ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.