സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ മേലുള്ള അമേരിക്ക-ചൈന തർക്കങ്ങളിൽ പുതിയ നീക്കങ്ങളും ചർച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്. ടിക്ടോക്കുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കാൻ ധാരണയാവുന്നു എന്നതാണ് ഏറ്റവും ഒടുവിലായി എത്തുന്ന അപ്ഡേഷൻ. ടിക്ടോക്കിന്റെ ഉടമസ്ഥത അമേരിക്കൻ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിലേക്കാണ് കരാർ ഒരുങ്ങുന്നത്. ഏറെ നാളായുള്ള അമേരിക്കൻ ആവശ്യമായിരുന്നു ഇത്.
നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക്ക്. ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്ക് നൽകിയില്ലെങ്കിൽ രാജ്യത്ത് ടിക്ടോക്ക് നിരോധിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഏറെ നാൾ നീണ്ട ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിന് പിന്നാലെയായിരുന്നു അമേരിക്ക ചൈനയ്ക്ക് മുമ്പിൽ ഇത്തരമൊരു ഡെഡ്ലൈനും ഭീഷണിയും വെച്ചത്. പിന്നാലെ വീണ്ടും ചർച്ചകൾ സജീവമാവുകയായിരുന്നു.
മാഡ്രിഡിൽ വെച്ചായിരുന്നു കഴിഞ്ഞദിവസം നടന്ന ചർച്ച. ഉദ്യോഗസ്ഥ തലത്തിലെ ചർച്ചയ്ക്ക് പിന്നാലെ ഒരു അമേരിക്കൻ കമ്പനിയുമായി ധാരണയായിട്ടുണ്ടെന്ന് ട്രംപും ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിട്ടുണ്ട്. എന്ത് തരം കരാറുകൾക്കാണ് കൈ കൊടുത്തിരിക്കുന്നതെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വെളിപ്പെടുത്തിയിട്ടില്ല. പ്രശ്നപരിഹാരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നും ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരാനുണ്ടെന്നുമാണ് ബെസെന്റ് പറയുന്നത്.
നിലവിൽ പ്രാഥമിക ധാരണയിലാണ് എത്തിയിരിക്കുന്നത്. കരാർ അന്തിമമാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും വെള്ളിയാഴ്ച കൂടിത്താഴ്ച നടത്തുന്നുണ്ട്. ഏത് കമ്പനിയിലേക്കാണ് ബൈറ്റ് ഡാൻസ് ടിക്ടോക്കിനെ കൈമാറുന്നത് എന്ന് സംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. ലോകത്തെ അതിസമ്പന്നനായ ഒറാക്കിൾ എക്സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണായിരിക്കും ടിക്ടോക്കിന്റെ ഷെയറുകൾ വാങ്ങുക എന്ന അഭ്യൂഹങ്ങളുണ്ട്.
170 മില്യൺ യൂസേഴ്സാണ് ടിക്ടോക്കിന് അമേരിക്കയിലുള്ളത്. അമേരിക്കയും ചൈനയും തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് അടുക്കുന്നത്. സെപ്തംബർ 17ഓടെ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ അമേരിക്കൻ നിരോധനം ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ചർച്ചകൾ ചൂടുപിടിച്ചതെന്നാണ് ബെസെന്റ് അവകാശപ്പെടുന്നത്.
ട്രംപും ഷി ജിൻ പിങും പങ്കെടുക്കുന്ന ദക്ഷിണ കൊറിയയിലെ ഉച്ചകോടിക്ക് മുന്നോടിയായാണ് നിലവിലത്തെ നീക്കങ്ങളെന്നാണ് സൂചന. ലോകത്തെ വമ്പൻ ശക്തികൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചയെ ലോകമൊന്നാകെ വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നതും. ഈ വർഷം ഇത് രണ്ടാം തവണയാണ് ടിക്ടോക്കുമായി ബന്ധപ്പെട്ട തർക്കപരിഹാരത്തിലേക്ക് അമേരിക്കയും ചൈനയും അടുക്കുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു ആദ്യത്തേത് എങ്കിലും അന്ന് ഒരു തീരുമാനത്തിലെത്തിയിരുന്നില്ല.
ടിക്ടോക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ ഡാറ്റകൾ ചൈനീസ് സർക്കാർ ശേഖരിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. ട്രംപിന്റെ ആദ്യ ടേമിലാണ് ടിക്ടോക് നിരോധനമെന്ന ആശയം ഉയർന്നത്. ആപ്പ് ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് വിൽക്കുകയോ അമേരിക്കയിലെ പ്രവർത്തനം അവസാനിപ്പിക്കുകയോ വേണമെന്ന നിർദ്ദേശം ബൈഡൻ സർക്കാരിന്റെ കാലത്തെത്തി.
എന്നാൽ ടിക്ടോക്കിന്റെ സമ്പൂർണ നിരോധനത്തിന് പിന്നീട് വന്ന ട്രംപ് ഭരണകൂടം തയ്യാറായില്ല. ആപ്പ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് യൂസേഴ്സിനെ ഇത് പ്രകോപിപ്പിക്കുമെന്നും രാഷ്ട്രീയപരമായി തിരിച്ചടിയായേക്കുമെന്ന ആശങ്കകളായിരുന്നു നിരോധന തീരുമാനത്തിലേക്ക് കടക്കാതിരുന്നത്.
കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുന്നതിൽ ടിക്ടോക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബൈഡനെ പിന്തുണയ്ക്കുന്ന കണ്ടന്റുകളുടെ ഇരട്ടിയായിരുന്നു ടിക്ടോക്ക് വഴി ട്രംപ് അനുകൂലികൾ പടച്ചുവിട്ടത്. കൺസർവേറ്റീവ് ഓഡിയൻസിനെ ലക്ഷ്യംവെച്ച് നിരവധി പോഡ്കാസ്റ്റുകളും വീഡിയോകളും പ്രചരിക്കപ്പെട്ടു. ട്രംപിന്റെ ടിക്ടോക്ക് അക്കൗണ്ടിന് മാത്രം 15 മില്യൺ ഫോളോവേഴ്സുണ്ട്.
തീവ്ര വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അമേരിക്കയിൽ മാത്രം ഒതുങ്ങിനിന്നില്ല. ജർമനി, പോളണ്ട്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ സ്റ്റേറ്റ് ഇലക്ഷനുകളിലടക്കം തീവ്ര വലതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനും വലതുപക്ഷ നേതാക്കളുടെ വളർച്ചയ്ക്കും ടിക്ടോക്ക് സഹായകരമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്തൊക്കെയായാലും ടിക്ടോക്കിന്റെ അമേരിക്കൻ നിലനിൽപ്പും അമേരിക്ക-ചൈന ബന്ധത്തിന്റെ മാനങ്ങളും വരും ദിവസങ്ങളിൽ വ്യക്തമായേക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് മേലുള്ള തീരുവ യുദ്ധങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ചർച്ച എന്നതും ശ്രദ്ധേയമാണ്.