വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തെ കുറിച്ച് ജോ ബൈഡൻ പുനരാലോചന നടത്തുന്നതായി റിപ്പോർട്ട്.
ഡെമോക്രാറ്റുകള്‍ക്കുള്ളില്‍നിന്ന് കടുത്ത സമ്മർദമാണ് അദ്ദേഹം നേരിടുന്നത്. അനാരോഗ്യവും ഈയടുത്ത് കോവിഡ് പോസിറ്റീവ് ആയതും ബൈഡനെ അലട്ടുന്നുമുണ്ട്.
മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും സ്പീക്കർ നാൻസി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറാനുള്ള സാധ്യത ഏറിവരികയാണ്.
വിജയത്തിലേക്കുള്ള ബൈഡന്റെ പാത അന്ത്യന്തം ചുരുങ്ങിപ്പോയെന്നാണ് താൻ കരുതുന്നതെന്ന് ഒബാമ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബൈഡൻ മത്സരരംഗത്തുനിന്ന് പിന്മാറാത്ത പക്ഷം പാർട്ടി പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് നാൻസി പെലോസി ഫോണ്‍സംഭാഷണത്തില്‍ പറഞ്ഞുവെന്ന് വാർത്താ ഏജൻസിയായ എ.പിയും റിപ്പോർട്ട് ചെയ്യുന്നു.
താൻ മത്സരത്തില്‍നിന്ന് പിന്മാറുന്നപക്ഷം നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് ബൈഡൻ നിർദേശിച്ചാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ റെഹോബോത്തിലെ അവധിക്കാല വസതിയില്‍ ഐസൊലേഷനിലാണ് ബൈഡൻ.