സ്വാഭാവികമായ സൗന്ദര്യത്തിന്റെ പേരിലും വികസനത്തിന്റെ പേരിലുമെല്ലാം അറിയപ്പെടുന്ന രാജ്യമാണ് ജപ്പാൻ. മറ്റൊരു കാര്യത്തിൽ കൂടി ജപ്പാൻ പേരുകേട്ടതാണ്, അത് അവിടുത്തെ വൃത്തിയുടെ പേരിലാണ്. ഇവിടുത്തെ ജനങ്ങൾ തെരുവുകളും റോഡുകളും പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാനായി എപ്പോഴും ശ്രദ്ധിക്കുന്നവരാണ്. മാലിന്യം വലിച്ചെറിയുക, വഴിയിലെല്ലാം തുപ്പുക തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ ഇവർ ചെയ്യാറില്ല. വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ജപ്പാൻ സന്ദർശിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്. ഈ എത്തുന്ന വിനോദസഞ്ചാരികൾ പക്ഷേ ജപ്പാന്റെയും ജപ്പാൻകാരുടേയും ഈ വൃത്തി അത്രയ്ക്കങ്ങോട്ട് പരിപാലിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അടുത്തിടെയാണ്, കാമാകുര നഗരത്തിൽ നിന്നുള്ള ഒരു യുവതി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തത്. വിനോദസഞ്ചാരികൾക്കുള്ള ഒരു മുന്നറിയിപ്പുമായിട്ടാണ് വീഡിയോ തുടങ്ങുന്നത് തന്നെ. “ജപ്പാൻ നിങ്ങളുടെ തീം പാർക്ക് അല്ല… ഇത് ഇവിടെയുള്ള ആളുകൾക്ക് അവരുടെ വീടാണ്. ഇവിടെ ആളുകൾ താമസിക്കുന്നുണ്ട്. അവർ കഠിനാധ്വാനം ചെയ്തിട്ടാണ് ഈ സ്ഥലം മനോഹരമായി നിലനിർത്തുന്നത്. ഇവിടെയുള്ളതെല്ലാം അവർ വൃത്തിയായി സൂക്ഷിക്കുന്നു. അതുകൊണ്ടാണ് ഇത് സ്പെഷ്യലായി തോന്നുന്നത്… നിങ്ങൾക്ക് ജപ്പാൻ ആസ്വദിക്കാം, പക്ഷേ ഇവിടെ താമസിക്കുന്ന ആളുകളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ദയവായി ഇങ്ങോട്ട് വരരുത്” എന്നാണ് യുവതി തന്റെ വീഡിയോയിൽ പറയുന്നത്.
തന്റെ ജന്മനാടായ കാമാകുര തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കാത്ത ചില സന്ദർശകർ കാരണം പ്രശ്നങ്ങൾ നേരിടുകയാണ്. ഇതൊരു ടൂറിസ്റ്റ് സ്പോട്ടല്ല, മറിച്ച് ശാന്തമായ ഒരു പ്രദേശമാണ്. പക്ഷേ, രണ്ടായിരത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുന്നുണ്ട്. ചിലപ്പോൾ അവർ മാലിന്യങ്ങൾ വലിച്ചെറിയുന്നു, പുണ്യസ്ഥലങ്ങളിൽ അതിക്രമിച്ചു കയറുന്നു, പ്രദേശത്തെ ഉദ്യാനങ്ങളിൽ മൂത്രമൊഴിക്കുന്നു, ഇത് നിങ്ങളുടെ സ്വന്തം നഗരമായിരുന്നെങ്കിലോ? മറ്റൊരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ദയയും ബഹുമാനവും കാണിക്കാനാണ് എന്നും അങ്ങനെ ഫോട്ടോയെടുക്കുമ്പോൾ അത് ശല്ല്യമായി തോന്നില്ല എന്നും അവൾ പറയുന്നു.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. വിനോദസഞ്ചാരികൾ എവിടെ ചെന്നാലും കുറച്ചുകൂടി ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും പെരുമാറേണ്ടതുണ്ട് എന്ന് തന്നെയാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.