വാഷിങ്ടൺ: അമേരിക്കയിലെ ചാർലി കിർക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ട്രാൻസ്ജെൻഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അമേരിക്കയിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ടൈലർ റോബിൻസണിനെതിരെ കൊലക്കുറ്റം ചുമത്തും
ചാർലി കിർകിൻ്റെ വധത്തിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ടൈലർ റോബിൻസണിനെതിരെയാണ് ആരോപണം. 22 കാരനായ റോബിൻസണെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ കോക്സ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുപ്പക്കാരനായ കിർക്കിനെ വധത്തിന് നയിച്ച കാരണം ട്രാൻസ്ജെൻ്ററുമായുള്ള പ്രണയബന്ധമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു.
ബുധനാഴ്ച ഉട്ടാ സർവകലാശാല ക്യാംപസിൽ പൊതുപരിപാടിയിൽ സംസാരിച്ചിരിക്കെയാണ് ചാർലി കിർക് കൊല്ലപ്പെട്ടത്. യാഥാസ്ഥിതിക വാദികളായ യുവാക്കളുടെ കൂട്ടായ്മയായ ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ച ചാർലി കിർക് ട്രാൻസ്ജെൻ്റർ വിരുദ്ധ വലത് നിലപാടുകൾ ശക്തമായി പ്രചരിപ്പിച്ചിരുന്നു. മിനെപോളിസിലെ സ്കൂളിന് സമീപത്തെ പള്ളിയിൽ രണ്ട് കുട്ടികളുടെ മരണത്തിനും ഒൻപത് പേർക്ക് വെടിയേൽക്കാനും ഇടയായ സംഭവത്തിൽ കൊലയാളി ട്രാൻസ്ജെൻ്ററാണെന്ന് ആരോപിച്ച് കിർക് നടത്തിയ പ്രസ്താവനകൾ നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു.