ഫോഷാൻ : ചൈനയിൽ ചിക്കുൻഗുനിയ പടർന്ന് പിടിച്ചതിനെ തുടർന്ന് കോവിഡ് കാലത്തിന് സമാനമായ രീതിയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഫോഷാൻ നഗരത്തിൽ മാത്രം ഏഴായിരത്തിലധികം പേരെയാണ് വൈറസ് ബാധിച്ചത്. ഗ്വാങ്ഡോങ് പ്രവിശ്യയിലെ മറ്റ് 12 നഗരങ്ങളിലും ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയ്ക്കിടെ പതിനായിരത്തിലധികം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ചിക്കുൻഗുനിയ ബാധിച്ച് ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
രോഗികൾ ഒരാഴ്ചയോളം തനിച്ച് കഴിയേണ്ടി വരും. പരിശോധന ഫലം നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിപ്പിക്കാം. രോഗികളെ സുരക്ഷിതമായി തനിച്ച് മാറ്റി പാർപ്പിക്കണമെന്നും അവർക്ക് കൊതുക് വല ഏർപ്പെടുത്തണമെന്നും അധികൃതർ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗ്വാങ്ഡോങ് പ്രവിശ്യ സന്ദർശിക്കുന്ന അമേരിക്കക്കാർ ജാഗ്രത പാലിക്കണമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണം.
പനി, സന്ധിവേദന, ശരീരത്തിൽ തടിപ്പുകൾ എന്നിവ കാണുന്നവർ അടുത്തുള്ള ആശുപത്രി സന്ദർശിച്ച് വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കണം. ഫോഷനിൽ നിന്നുള്ള സന്ദർശകർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീനും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ ഫോഷൻ സന്ദർശിച്ച് മടങ്ങിയെത്തിയ 12 വയസ്സുകാരനിൽ ചിക്കുൻഗുനിയ സ്ഥിരീകരിച്ചതായി ഹോങ്കോങ് അറിയിച്ചു. ഹോങ്കോങ്ങിലെ ആദ്യ കേസാണിത്.
∙ ചിക്കുൻഗുനിയ
ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മഴക്കാലരോഗങ്ങളിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒരു രോഗമാണ് ചിക്കുൻഗുനിയ. ഈ പകർച്ചപ്പനിക്ക് ചിക്കുൻഗുനിയ എന്ന പേര് ലഭിച്ചത് ആഫ്രിക്കയിലെ മക്കൊണ്ടെ ഗോത്രഭാഷയിലെ കുൻഗുന്യാല എന്ന വാക്കിൽ നിന്നാണത്രെ ഈ പേര് ലഭിച്ചത്. ഈ വാക്കിന്റെ അർത്ഥം വളയുന്നത് എന്നാണ്. അസഹ്യമായ സന്ധിവേദന മൂലം രോഗി വളഞ്ഞു പോകുന്നതാണ് രോഗലക്ഷണങ്ങളിൽ പ്രധാനം.
മലയാളത്തിൽ ഈ പേര് പലരും പറയുമ്പോൾ ‘ചിക്കൻഗുനിയ’ എന്നായിപ്പോകുന്നതു കൊണ്ട് ചിക്കനുമായി സാമ്യമുണ്ടോ അല്ലെങ്കിൽ ചിക്കൻ പരത്തുന്ന രോഗമാണോ എന്ന് സംശയിച്ചേക്കാം. 1952 ൽ ടാൻസാനിയയിലാണ് ആദ്യമായി ഈ രോഗം രേഖപ്പെടുത്തിയത്. 1950 കളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന രോഗാണുവായ വൈറസ് ക്രമേണ ഏഷ്യൻ രാജ്യങ്ങളിലും കുടിയേറി. ഇന്ത്യയിൽ ആദ്യമായി 1963ൽ കൽക്കട്ടയിലാണ് രോഗം സ്ഥിരീകരിച്ചത്.
പിന്നീട് 1965 ൽ ചെന്നൈയിൽ രോഗം പടർന്നു. ചെന്നൈ നഗരത്തിൽ മാത്രം 3,00,000 പേർക്കാണ് രോഗം ബാധിച്ചത്. 1965നു ശേഷം ഏതാണ്ട് 4 വർഷക്കാലം രോഗാണുവായ വൈറസ് രോഗമുണ്ടാക്കാതെ ഒളിച്ചു കഴിഞ്ഞു. 2006 ൽ എട്ടു സംസ്ഥാനങ്ങളിലായി 159 ജില്ലകളിൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തു. അതിൽ കേരളവും സ്ഥാനം പിടിച്ചിട്ടുണ്ട്.