ജയ്പൂർ: ചുമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ രണ്ട് കുട്ടികൾ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ, ആ കഫ് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ അബോധാവസ്ഥയിലായി. ബോധരഹിതനായി എട്ട് മണിക്കൂറിനു ശേഷം കാറിൽ നിന്നാണ് ഡോക്ടറെ കണ്ടെത്തിയത്. രാജസ്ഥാൻ സർക്കാരിനു വേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ രണ്ട് കുട്ടികൾ മരിക്കുകയും 10 പേർക്ക് അസുഖം ബാധിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടറും ബോധരഹിതനായി.
ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് അടങ്ങിയതും കെയ്‌സൺ ഫാർമ എന്ന കമ്പനി നിർമ്മിച്ചതുമായ കഫ് സിറപ്പിനെ കുറിച്ചാണ് പരാതി. മരുന്ന് കഴിച്ച് മണിക്കൂറുകൾക്ക് ശേഷം അഞ്ച് വയസ്സുകാരൻ മരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രാജസ്ഥാനിലെ സിക്കർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസ്സുകാരനായ നിതീഷിന് ചുമയും ജലദോഷവും വന്നതിനെ തുടർന്നാണ് മാതാപിതാക്കൾ ഞായറാഴ്ച രാത്രി ചിരാനയിലെ പൊതുജനാരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) കൊണ്ടുപോയത്. സിഎച്ച്സിയിൽ നിന്ന് ലഭിച്ച കഫ് സിറപ്പ് രാത്രി 11:30 ഓടെ കുട്ടിക്ക് നൽകി. പുലർച്ചെ 3 മണിക്ക് എക്കിൾ എടുത്തതോടെ അമ്മ കുട്ടിക്ക് കുറച്ച് വെള്ളം നൽകി. അതിനു ശേഷം ഉറങ്ങിയ കുട്ടി പിന്നീട് ഉണർന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കൾ കുട്ടിയെ തിങ്കളാഴ്ച പുലർച്ചെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഈ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് രണ്ട് വയസ്സുകാരന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഇതേ കഫ് സിറപ്പ് കഴിച്ച രണ്ട് വയസ്സുകാരനായ സമ്രാട്ട് ജാതവ് ബോധരഹിതനായതായി മാതാപിതാക്കൾ പറഞ്ഞു. രണ്ട് വയസ്സുകാരനെ ഭരത്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ജയ്പൂരിലെ ജെകെ ലോൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വെച്ച് സെപ്റ്റംബർ 22-ന് മരിച്ചു.