ബെംഗളൂരു: ബെംഗളൂരുവിൽ 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥി റോഡപകടത്തിൽ മരിച്ചതിന് കാരണം കുഴികളാണെന്ന ബിജെപിയുടെ ആരോപണം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചൊവ്വാഴ്ച നിഷേധിച്ചു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളി പ്രദേശത്തെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് അവസാന വർഷ ബി-കോം വിദ്യാർത്ഥിനിയായ ധനുശ്രീ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെറ്റാണെന്നും ബിജെപി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ 60 ശതമാനം പ്രദേശവും കോൺഗ്രസ് സർക്കാരിന്റെ ദുർഭരണം മൂലം മരണക്കെണിയായി മാറിയിരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.
സിലിക്കൺ സിറ്റിയിലെ റോഡുകളിലെ കുഴിയിൽ വീണ് ഒരു വിദ്യാർത്ഥിനി മരിച്ചത് നിർഭാഗ്യകരമാണ്. സുഗമമായ ഗതാഗതം സാധ്യമാക്കേണ്ടിയിരുന്ന ബെംഗളൂരുവിലെ റോഡുകൾ, പകരം എല്ലാ ദിവസവും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും ഡി.കെ. ശിവകുമാറിന്റെ മോശം ഭരണമാണ് കാരണമെന്നും ബിജെപി ആരോപിച്ചു. രാവിലെ 8:10 ഓടെ ധനുശ്രീ ബയപ്പനഹള്ളിയിൽ നിന്ന് കെആർ പുരത്തുള്ള കോളേജിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ കുട്ടി സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചതായും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിന്റെ കൃത്യമായ ക്രമവും കാരണവും കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.