ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൈനീസ് ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നോ? ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക് ആപ്പ് ലഭ്യമായില്ലെങ്കിലും ടിക് ടോക്കിന്‍റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഊഹാപോഹങ്ങൾ പടരുകയായിരുന്നു. എന്നാല്‍ ടിക് ടോക്കിന്‍റെ വിലക്ക് തുടരും എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി.
അഞ്ച് വർഷം മുമ്പാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. ഇന്നലെ ചിലര്‍ക്കെങ്കിലും ടിക് ടോക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ടെക് ടീമിലെ അംഗങ്ങൾ പരിശോധിച്ചപ്പോൾ, അവർക്ക് ഹോംപേജ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്നും പക്ഷേ മറ്റ് പേജുകളൊന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല എന്നുമായിരുന്നു റിപ്പോർട്ട്. ഇത് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഘട്ടംഘട്ടമായുള്ള റീലോഞ്ചിംഗിനെ സൂചിപ്പിക്കുന്നതാണ് എന്നായിരുന്നു വാര്‍ത്ത. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്നതായി സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിക് ടോകിനുള്ള നിരോധനം നീങ്ങുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- ചൈന സഹകരണ സാധ്യതകള്‍ വര്‍ധിച്ചിരിക്കേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
അതേസമയം, ടിക് ടോക് ആപ്പിലേക്ക് ആക്‌സസ് ലഭ്യമായതായി ദേശീയ മാധ്യമങ്ങളോ എക്‌സില്‍ യൂസര്‍മാരോ റിപ്പോര്‍ട്ട് ചെയ്‌തില്ല. ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കിൽ നിന്നോ അതിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായില്ല. എങ്കിലും വെബ്‌സൈറ്റിന്‍റെ തിരിച്ചുവരവ് സംബന്ധിച്ച വാര്‍ത്ത ആരാധകർക്കിടയിൽ ആവേശത്തിന്‍റെ തരംഗം സൃഷ്‍ടിച്ചു. എന്നാല്‍ ഇപ്പോഴും ടിക് ടോക്കിന് ബ്ലോക്ക് തുടരുകയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പലരും കുറിച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ്, ടിക് ടോക്കിന്‍റെ ഇന്ത്യന്‍ മടങ്ങിവരവ് ഒരു കെട്ടുകഥ മാത്രമാണെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം പുറത്തുവന്നത്.