വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും” 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതുവരെ ട്രംപ് ഉൽപ്പന്നങ്ങൾക്ക് മേൽ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സർവീസ് സെക്ടറിലേക്ക് കൂടി കടക്കും.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ട്രംപ് ആദ്യം തൻ്റെ ഈ ആലോചന വെളിപ്പെടുത്തിയത്. അമേരിക്കയ്ക്ക് പുറത്ത്, മറ്റ് രാജ്യങ്ങളിലെ നികുതി ഇളവിൽ ആകൃഷ്ടരായി ചലച്ചിത്രങ്ങൾ അവിടെ നിർമിക്കുന്ന പതിവുണ്ട്. അതിനാൽ തന്നെ അമേരിക്കയിൽ നിർമിക്കേണ്ട സിനിമകൾ വിദേശത്തേക്ക് ആകർഷിക്കപ്പെട്ടു. കാലിഫോർണിയയെ ഈ മാറ്റം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തൻ്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം അമേരിക്കയിലേക്കുള്ള ഫർണിച്ചർ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടുവരാൻ ട്രംപ് ആലോചിക്കുന്നുണ്ട്. ഇക്കാര്യം അദ്ദേഹം ഇന്ന് വ്യക്തമാക്കി. വിദേശത്ത് നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് നികുതി ചുമത്തുമ്പോൾ, അത് പ്രധാനമായും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ബാധിക്കും.