ദില്ലി: സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് വനിത കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവർ സ്ഥാപനത്തിലെ മുൻ ജീവനക്കാരാണെന്നാണ് സൂചന. ഇന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും നിരവധി സീഡികളും കണ്ടെടുത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, എന്നിവർക്കൊപ്പമുള്ള സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ വ്യാജ ഫോട്ടോകളും പിടിച്ചെടുത്തു
തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണസംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ഭാഗേശ്വർ അൽമോറ എന്നിവിടങ്ങളിലും പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ പിടിയിലായത്. അതേസമയം ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളുമായി ചൈതന്യാനന്ദ നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്. ഇത് പ്രധാന തെളിവാണെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടികൾക്ക് പല വാഗ്ദാനങ്ങളും നൽകി വലയിൽ വീഴ്ത്താൻ ചൈതന്യാനന്ദ ശ്രമിച്ചുവെന്നും നിരവധി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ദില്ലിയിലെ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ചൈതന്യാനന്ദ സരസ്വതി, സ്ഥാപനത്തിലെ വിദ്യാർത്ഥികളോടാണ് ലൈംഗികാതിക്രമം കാട്ടിയത്. 17 പെൺകുട്ടികൾ പരാതിയുമായി രംഗത്ത് വന്നതോടെയാണ് സന്യാസിക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥിനികൾ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതി ദില്ലി പൊലീസിന് കൈമാറിയതോടെയാണ് കേസെടുത്തത്.