വാഷിംഗ്ടണ്‍: ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെനഗലിൽ ജനിച്ച ഇറ്റാലിയൻ ഇൻഫ്ലുവൻസറായ സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു.
ഏപ്രിൽ 30-നാണ് ലാം യുഎസിൽ പ്രവേശിച്ചത്. അദ്ദേഹം വിസ നിബന്ധനകൾ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാൻ അനുമതി നൽകിയെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഔദ്യോഗികമായി നാടുകടത്തൽ ഉത്തരവ് ലഭിക്കാതെ രാജ്യം വിടാൻ ഈ നടപടി സഹായിക്കുമെന്നും ഭാവിയിൽ യുഎസിലേക്ക് മടങ്ങുന്നതിന് ഇത് ഗുണകരമാകുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കീഴിൽ ഇമിഗ്രേഷൻ നടപ്പാക്കൽ ശക്തമാക്കുന്നതിനിടയിലാണ് ഖാബി ലാമിന്‍റെ ഈ മടക്കം. ട്രംപിന്‍റെ സമീപകാല നയങ്ങൾ യുഎസിലെങ്ങും വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ലോസ് ഏഞ്ചൽസിൽ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. ഇത് യുഎസിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്താണ് ഖാബി ലാം ‘ലൈഫ് ഹാക്ക്’ വീഡിയോകളോടുള്ള തന്‍റെ നിശബ്‍ദവും ഹാസ്യപരവുമായ പ്രതികരണങ്ങളിലൂടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. അദ്ദേഹത്തിന് ഇപ്പോൾ 162 ദശലക്ഷത്തിലധികം ടിക് ടോക്ക് ഫോളോവേഴ്സ് ഉണ്ട്. ഹ്യൂഗോ ബോസുമായി സഹകരിച്ചും യൂണിസെഫ് ഗുഡ്‌വിൽ അംബാസഡറായും അദ്ദേഹം തന്‍റെ പ്രശസ്തി വലിയ ബ്രാൻഡ് ഡീലുകളിലേക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തടങ്കലിൽ വെക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിൽ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.