ലഖ്നൗ: ഉത്തർ പ്രദേശിൽ മദ്യലഹരിയിൽ ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. പ്രതി രൂപേഷ് തിവാരി മകൻ കിനുവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുത്തേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയെ തന്നെ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ബൈരിയയിലെ സുരേമാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി സർക്കിൾ ഓഫീസർ (സിഒ) (ബൈരിയ) മുഹമ്മദ് ഫാഹിം ഖുറേഷി പറഞ്ഞു
പ്രതിയായ രൂപേഷ് മദ്യപാനിയാണെന്നും ഭാര്യ റിന തിവാരിയെ പലപ്പോഴും മർദിക്കുമായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തി ആദ്യം ഭാര്യയെ മർദിച്ച് തുടങ്ങുകയായിരുന്നു. സ്വന്തം അച്ഛനായ കമലേഷ് തിവാരിയെയും രൂപേഷ് ആക്രമിക്കുമായിരുന്നു. ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ ദിവസം, ഭർത്താവിനെ ഭയന്ന് ഇവർ ഭർതൃപിതാവിനോടൊപ്പം തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറുകയായിരുന്നു. 1 വയസുള്ള മകനെയും, 3 വയസുകാരി മകളെയും വീട്ടിൽ വിട്ടിട്ടാണ് ഇവർ പോയത്.
എന്നാൽ, ഞായറാഴ്ച്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവ് കുഞ്ഞിനെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയതായും താടിയെല്ലിന് പരിക്കേറ്റതുമായ കാഴ്ച്ചയാണ് കണ്ടത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.