കാലിഫോര്‍ണിയ: ഗൂഗിള്‍ അതിന്‍റെ ഐക്കോണിക് ‘ജി’ ലോഗോയില്‍ ഏറെക്കാലത്തിന് ശേഷം വമ്പന്‍ മാറ്റം വരുത്തി. കൂടുതല്‍ തെളിച്ചവും ഗ്രേഡിയന്‍റുമായ നാല് നിറങ്ങളാണ് ഐക്കണില്‍ ഗൂഗിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗൂഗിളിന്‍റെ പുതിയ ലോഗോ. ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ടെക് ഉത്പന്നങ്ങളിലും പുത്തന്‍ ലോഗോയാവും ഇനി ഉപയോഗിക്കുക.
G’ ഐക്കണില്‍ സര്‍പ്രൈസ്
നാല് നിറങ്ങള്‍ ചേര്‍ന്നുള്ള G അക്ഷരമാണ് ഗൂഗിളിന്‍റെ ഐക്കോണിക് ലോഗോ. ഒരു പതിറ്റാണ്ടിനിടെ ഈ ലോഗോയില്‍ വലിയ അപ്‌ഡേറ്റ് വരുത്തിയിരിക്കുകയാണ് ഗൂഗിള്‍ കമ്പനി. കൂടുതല്‍ ബ്രൈറ്റും ഗ്രേഡിയന്‍റുമാണ് പുതിയ ജി ലോഗോയിലെ നാല് നിറങ്ങള്‍. ഈ പുത്തന്‍ ലോഗോ മെയ് മാസത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമിലും ഉത്പന്നങ്ങളിലും സേവനങ്ങളിലും ഈ ലോഗോ അവതരിപ്പിക്കുന്നത് ഇപ്പോഴാണ്. ‘ഈ വര്‍ഷാദ്യം കൂടുതല്‍ തിളക്കവും നാല് ഗ്രേഡിയന്‍റ് നിറങ്ങളിലുമുള്ള ജി ഐക്കണ്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് കമ്പനിയുടെ ബൃഹത്തായ പ്രൊഡക്‌ടുകളുടെയെല്ലാം ഐക്കണായി മാറ്റിയിരിക്കുകയാണ്. എഐ യുഗത്തിലെ പരിണാമത്തെയാണ് പുത്തന്‍ ലോഗോ സൂചിപ്പിക്കുന്നത്’- എന്നും ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
ജന്‍മദിനം ആഘോഷിച്ചത് കഴിഞ്ഞ വാരം
ഈയടുത്താണ് (2025 സെപ്റ്റംബര്‍ 27) ഗൂഗിള്‍ 27-ാം ജന്മദിനം ആഘോഷിച്ചത്. ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിച്ചത്. ഒരു ഗാരോജില്‍ സ്റ്റാര്‍ട്ടപ്പായി തുടങ്ങിയ ഗൂഗിള്‍ ഇന്ന് ടെക് ലോകത്തെ ആഗോള ഭീമന്‍മാരിലൊന്നാണ്. 1998ലെ ആദ്യ ലോഗോ ഡൂഡിൽ ഷോ കേസില്‍ പ്രദർശിപ്പിച്ചാണ് ഗൂഗിൾ 27-ാം ജന്മദിനം ആഘോഷിച്ചത്. 90-കളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ആർട്ടിഫീഷ്യൽ ഇന്‍റലിജൻസ് നേട്ടങ്ങളും ഗൂഗിൾ ഇരുപത്തിയേഴാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ-കേസ് ചെയ്‌തിട്ടുണ്ട്. സെര്‍ച്ച് എഞ്ചിനില്‍ നിന്ന് എഐ ക്ലൗഡ് കമ്പ്യൂട്ടിംഗും എഐയും വരെ നീളുന്ന ഐതിഹാസികമായ ജൈത്രയാത്രയാണ് ഗൂഗിളിന് പറയാനുള്ളത്.