ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ചൈനയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമാകുന്നത്. വിദ്യാർത്ഥികളിൽ കുറ്റബോധവും മാതാപിതാക്കളോട് ബഹുമാനവും ഒക്കെ തോന്നിക്കുന്നതിന് വേണ്ടി മാതാപിതാക്കളെ ഒരു പാലം പോലെ വരിക്ക് മുട്ടുകുത്തി നിർത്തിച്ച ശേഷം വിദ്യാർത്ഥികളെ അവരുടെ പുറത്തുകൂടി നടത്തുകയാണ് ചെയ്തത്. ഇതേക്കുറിച്ച് വലിയ ചർച്ചയും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്റർനാഷണൽ എജ്യുക്കേഷൻ പ്രോഗ്രാമുകൾക്ക് പേരുകേട്ട ഒരു കൗണ്ടി ലെവൽ സെക്കൻഡറി സ്കൂളിലാണ് ഈ വിചിത്രമായ സംഭവം നടന്നത്.
പരിപാടിയുടെ വീഡിയോ പിന്നീട് വൈറലായി മാറുകയായിരുന്നു. വീഡിയോയിൽ, വളരെ വൈകാരികമായിട്ടുള്ള ഒരു സംഗീതം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്. അപ്പോൾ ഒരാൾ വിദ്യാർത്ഥികളുടെ കണ്ണുകൾ കെട്ടി മാതാപിതാക്കളുടെ മുകളിലൂടെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഇതിൽ ആരുടെയൊക്കെ മാതാപിതാക്കളുണ്ട് എന്നോ, തങ്ങളുടെ മാതാപിതാക്കളുണ്ടോ എന്നൊന്നും തന്നെ അറിയില്ല.
മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി സഹിക്കുന്ന ത്യാഗങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും അവരിൽ കുറ്റബോധവും മാതാപിതാക്കളോട് ബഹുമാനവും ഒക്കെ ഉണ്ടാക്കാനും വേണ്ടിയാണത്രെ ഇങ്ങനെ ചെയ്യുന്നത്. ഒരു കുട്ടി ഇങ്ങനെ നടന്ന ശേഷം കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ തന്റെ മാതാപിതാക്കളുടെ മുകളിൽ കൂടിയാണ് താൻ നടന്നത് എന്ന് മനസിലാവുകയും കരയുകയും ചെയ്യുകയാണുണ്ടായത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 16 വയസുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തവർ.
എന്തായാലും വീഡിയോ പ്രചരിച്ചതോടെ സ്കൂളിനെതിരെ വ്യാപകവിമർശനമുയർന്നു. അതോടെ സ്കൂൾ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നു. ‘മാതാപിതാക്കളുടെ സമ്മതത്തോടെ രണ്ട് ക്ലാസുകളാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, അത് നടത്തിയ രീതി ശരിയായില്ല. ഒരുപാട് നെറ്റിസൺസിന് അതിൽ ബുദ്ധിമുട്ടുണ്ടായതായി മനസിലാക്കുന്നു. അതിൽ ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് സ്കൂൾ പറഞ്ഞത്.