ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോർജിയൻ അതിർത്തിയിൽ 56 ഇന്ത്യൻ പൗരന്മാരടങ്ങുന്ന സംഘത്തോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ധ്രുവീ പട്ടേൽ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചത്. യാത്രക്കാരെ ഭക്ഷണമോ ടോയ്‌ലറ്റ് സൗകര്യമോ ഇല്ലാതെ അഞ്ച് മണിക്കൂറിലധികം തടഞ്ഞുവെച്ചെന്നായിരുന്നു ധ്രൂവി പട്ടേലിന്റെ ആരോപണം. പാസ്പോർട്ടുകൾ പിടിച്ചെടുത്തെന്നും കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ധ്രൂവീ പട്ടേൽ ഉന്നയിച്ചത്. സാധുവായ ഇ-വിസകളിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ ഇത്തരത്തിൽ മോശമായി പെരുമാറിയതെന്നും ധ്രൂവീ പട്ടേൽ പറഞ്ഞിരുന്നു.
ധ്രൂവി പട്ടേലിന്റെ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഉടനടി പ്രതികരണവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഈ പോസ്റ്റ് ഓൺലൈനിൽ വലിയ രീതിയിലുള്ള ചർച്ചകളിലേയ്ക്കാണ് വഴിതെളിച്ചത്. നിരവധി ഉപയോക്താക്കൾ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. അന്താരാഷ്ട്ര യാത്രകൾ സാധാരണ രീതിയിൽ സുഗമമാണെങ്കിലും, ചില സന്ദർഭങ്ങളിൽ ആളുകൾക്ക് പ്രവേശനം നിഷേധിക്കുകയോ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയോ കൃത്യമായ വിശദീകരണമില്ലാതെ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്നാണ് ഇനി പറയാൻ പോകുന്നത്. വിദേശത്ത് തടങ്കലോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നാൽ ചെയ്യേണ്ട 10 കാര്യങ്ങൾ.
1. ശാന്തത പാലിക്കുക, നിങ്ങളുടെ അവകാശങ്ങൾ അറിയുക.
ഇമിഗ്രേഷനിൽ ഒരു പരിധിക്കപ്പുറം നിങ്ങളെ തടഞ്ഞുവെയ്ക്കപ്പെടുന്നതായി തോന്നിയാൽ ശാന്തത കൈവിടരുത്. ഇത്തരം സന്ദർഭങ്ങളിൽ അമിതമായി പ്രതികരിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയേക്കും. സംയമനം പാലിക്കുക എന്നത് ഏതൊരു സന്ദർഭത്തിലെയും പോലെ ഇവിടെയും പ്രധാനമാണ്. വിയന്ന കൺവെൻഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമപ്രകാരം, തടവിലാക്കപ്പെട്ടാൽ നിങ്ങളുടെ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടാൻ നിങ്ങൾക്ക് അവകാശമുണ്ട്. കോൺസുലാർ ആക്‌സസ് ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്.
2. ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ഉടൻ ബന്ധപ്പെടുക.
വിദേശത്തുള്ള എല്ലാ ഇന്ത്യൻ മിഷനിലും എമർജൻസി ഹെൽപ്പ്‌ലൈനുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് എംബസിയുടെയോ കോൺസുലേറ്റിന്റെയോ കോൺടാക്റ്റ് വിവരങ്ങൾ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. നിങ്ങൾ തടവിലാക്കപ്പെട്ടാൽ, ഇന്ത്യൻ മിഷനെ ഇക്കാര്യം അറിയിക്കാൻ അഭ്യർത്ഥിക്കുക. കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാനും നിയമപരമോ വൈദ്യപരമോ ആയ സഹായം നൽകാനും നിങ്ങളുടെ അവസ്ഥ നിരീക്ഷിക്കാനും കഴിയും.
3. നിങ്ങൾക്ക് മനസ്സിലാകാത്ത ഒരു രേഖയിലും ഒപ്പിടരുത്
പല സാഹചര്യങ്ങളിലും നിങ്ങൾ എത്തിപ്പെടുന്ന രാജ്യത്തെ പ്രാദേശിക ഭാഷയിലുള്ള രേഖകളിൽ ഒപ്പിടാൻ അധികാരികൾ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഒരിക്കലും അറിയാത്ത കാര്യങ്ങളിൽ ഒപ്പിടരുത്. നിങ്ങൾക്ക് വേണ്ടി ഒരു വ്യാഖ്യാതാവോ അഭിഭാഷകനോ ലഭ്യമാകുന്നതുവരെ ഒപ്പിടാതിരിക്കാൻ ശ്രമിക്കുക. കാരണം, നിങ്ങൾക്ക് വായിച്ചാൽ മനസിലാകാത്ത എന്തെങ്കിലും രേഖകളിൽ ഒപ്പുവെച്ചാൽ ചിലപ്പോൾ അത് ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെടാം.
4. സംഭവത്തിന്റെ വിശദമായ രേഖകൾ സൂക്ഷിക്കുക
ഭക്ഷണം നിഷേധിക്കുകയോ മോശം പെരുമാറ്റമോ നേരിടുകയാണെങ്കിൽ സാധ്യമാകുന്നിടത്തെല്ലാം പേരുകൾ, സമയം, സ്ഥലങ്ങൾ എന്നിവ എഴുതിവെയ്ക്കുക. പേപ്പർവർക്കുകൾ, രസീതുകൾ അല്ലെങ്കിൽ മെഡിക്കൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ ശേഖരിക്കുക. ഇക്കാര്യങ്ങളെല്ലാം നിങ്ങളുടെ കേസ് തുടരുന്നതിന് എംബസിയെ സഹായിക്കുകയും നിയമനടപടികൾക്കുള്ള തെളിവായി സമർപ്പിക്കാൻ സാധിക്കുകയും ചെയ്യും.
5. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പരാതി നൽകുക
നിങ്ങൾ സുരക്ഷിതരായിക്കഴിഞ്ഞാൽ ഇന്ത്യൻ എംബസിയിൽ രേഖാമൂലം പരാതി നൽകുക. വിദേശകാര്യ മന്ത്രാലയത്തിന്റെ MADAD പോർട്ടലിലോ ഹെൽപ്പ് ലൈനിലോ നിങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാം. ഈ ഔദ്യോഗിക സംവിധാനങ്ങൾ പരാതികൾ ട്രാക്ക് ചെയ്യാനും അവ പരിഹരിക്കാനും സഹായിക്കുന്നു. കൂടാതെ, നിങ്ങൾക്ക് വേണമെങ്കിൽ പ്രാദേശിക ഓംബുഡ്സ്മാനെയോ മനുഷ്യാവകാശ സംഘടനകളെയോ സമീപിക്കാവുന്നതാണ്.
6. എംബസികളുടെ പ്രാധാന്യം മനസ്സിലാക്കുക
മറ്റൊരു രാജ്യത്ത് എത്തുന്ന ഏതൊരാളെയും സംബന്ധിച്ച് അവരവരുടെ രാജ്യത്തിന്റെ എംബസികൾ ഏറെ നിർണായകമാണ്. എംബസികൾക്ക് നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാനും അഭിഭാഷകരെ നിയമിക്കാനും തടങ്കലിൽ നിങ്ങളെ സന്ദർശിക്കാനുമെല്ലാം സാധിക്കും. നിങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാനും എംബസിക്ക് കഴിയും. എന്നാൽ, പ്രാദേശിക നിയമങ്ങൾ മറികടക്കാനോ, നിങ്ങളുടെ പേരിൽ പിഴ അടയ്ക്കാനോ, നിങ്ങൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മോചനം ഉറപ്പാക്കാനോ എംബസിക്ക് കഴിയില്ല. ഓരോ രാജ്യത്തെയും പ്രാദേശിക നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് എംബസിയുടെ പ്രാഥമിക ദൗത്യം.
7. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കുക
നിങ്ങൾക്ക് ഒരു ഫോൺ ഉപയോഗിക്കാൻ കഴിയുമെങ്കിൽ വിശ്വാസമുള്ള ഒരാളെ ഉടൻ തന്നെ ബന്ധപ്പെടുക. നിങ്ങളുടെ സ്ഥലം, വിമാനത്താവളത്തിന്റെ പേര്, എംബസി കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ അയാളുമായി പങ്കുവെയ്ക്കുക. ആശയവിനിമയത്തിൽ പ്രശ്നങ്ങൾ നേരിട്ടാൽ പോലും സഹായം ലഭിക്കാൻ സാധ്യത കൂടുതലായിരിക്കും.
8. യാത്ര ചെയ്യുന്നതിന് മുമ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കുക
യാത്രയ്ക്ക് മുമ്പ് നന്നായി തയ്യാറെടുക്കുന്നത് നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ യാത്രാ മാർഗനിർദ്ദേശങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇമിഗ്രേഷനിൽ ഹാജരാക്കാൻ വിസകൾ, ഹോട്ടൽ ബുക്കിംഗുകൾ, റിട്ടേൺ ടിക്കറ്റുകൾ എന്നിവ സൂക്ഷിക്കുക. നിയമ, മെഡിക്കൽ ചെലവുകൾ ഉൾക്കൊള്ളുന്ന യാത്രാ ഇൻഷുറൻസ് തിരഞ്ഞെടുക്കുക. പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പികൾ, ഡിജിറ്റൽ പതിപ്പ് എന്നിവ ഒറിജിനലുകളിൽ നിന്ന് മാറ്റി സൂക്ഷിക്കുക.
9. ആവശ്യമെങ്കിൽ നിയമസഹായം തേടുക
പതിവ് ചോദ്യം ചെയ്യലുകൾക്ക് അപ്പുറമാണ് നിങ്ങൾ വിധേയനാകുന്നതെങ്കിൽ ഒരു അഭിഭാഷകനെ സമീപിക്കാൻ മടിക്കരുത്. ഇതുവഴി തെറ്റായ കുറ്റസമ്മതങ്ങൾ നടത്താൻ ആരും നിങ്ങളെ നിർബന്ധിക്കാതിരിക്കാനും അന്യായമായി ലക്ഷ്യം വെയ്ക്കാതിരിക്കാനും ഒരു അഭിഭാഷകൻ സഹായിക്കും.
10. പ്രാദേശിക നിയമങ്ങളെ ബഹുമാനിക്കുക
പ്രാദേശികമായ നിയമങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് അനാവശ്യമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിൽ കുറുക്കുവഴികളോ അനധികൃത ഓഫറുകളോ തേടരുത്. വിദേശ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനുമെല്ലാം എപ്പോഴും ഔദ്യോഗികമായ പ്രക്രിയകൾ മാത്രം ഉപയോഗിക്കുക.